ക്ഷേമ പെൻഷൻ 1600 ൽ നിന്നും 2000 രൂപയാക്കി.
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഉൾപ്പെടെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ വർദ്ധനവ് വരുത്താനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 400 രൂപ വർദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവർക്ക് സ്ത്രീസുരക്ഷ പെൻഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെൻഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ആശ വർക്കർമാരുടെ പ്രതിമാസ ഹോണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഓണറേറിയത്തിലും 1000 രൂപയുടെ വർദ്ധനവ്. അങ്കണവാടി ജീവനക്കാർക്ക് നൽകാനുള്ള കുടിശ്ശിക പെട്ടെന്ന് തീർത്ത് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിട നിർമ്മാണ ക്ഷേമനിധി കുടിശ്ശികയും തീർപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 50 രൂപയാണ് പ്രതിദിന കൂലിയിൽ വരുത്തിയിരിക്കുന്ന വർദ്ധന. സാക്ഷരതാ ഡയറക്ടർമാരുടെ ഓണറേറിയത്തിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 1000 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങൾ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നെല്ലിൻ്റെ സംഭരണ വിലയിൽ വർദ്ധനവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 30 രൂപയായാണ് നെല്ലിൻ്റെ സംഭരണവില വർദ്ധിപ്പിച്ചിരിക്കുന്നത്. റബ്ബറിൻ്റെ സംഭരണവിലയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. 180 രൂപയിൽ നിന്ന് 200 രൂപയയാണ് റബ്ബറിൻ്റെ സംഭരണവില വർദ്ധിപ്പിച്ചിരിക്കുന്നത്.
What's Your Reaction?