ഡിജിറ്റൽ കറൻസി നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കില്ല.
അബുദാബി: ഡിജിറ്റൽ കറൻസികളിൽ നിക്ഷേപകർക്ക് യുഎഇ ഗോൾഡൻ വിസ നൽകുന്നുണ്ടെന്ന് അവകാശപ്പെടുന്ന ചില വെബ്‌സൈറ്റുകളിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി എന്നിവ സംയുക്ത പ്രസ്താവന പുറത്തിറക്കി. വ്യക്തവും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ ചട്ടക്കൂടുകളും, മാനദണ്ഡങ്ങളും അനുസരിച്ചാണ് ഗോൾഡൻ വിസകൾ നൽകുന്നതെന്നും, ഡിജിറ്റൽ കറൻസി നിക്ഷേപകരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഐസിപി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞരും വിദഗ്ധരും, മികച്ച വിദ്യാർത്ഥികളും ബിരുദധാരികളും, മാനുഷിക പയനിയർമാർ, മുൻനിര തൊഴിലാളികൾ എന്നിവരാണ് യോഗ്യരായ വിഭാഗങ്ങൾ. യുഎഇയിലെ സാമ്പത്തിക മേഖലയെയും, സെക്യൂരിറ്റീസ് സേവനങ്ങളെയും നിയന്ത്രിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത എസ്‌സിഎ വീണ്ടും ഉറപ്പിച്ചു. ഗുണനിലവാരമുള്ള മൂലധനം ആകർഷിക്കുന്നതിനും, സുസ്ഥിര നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമുള്ള യുഎഇയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, പ്രാദേശികമായും, അന്തർദേശീയമായും സുതാര്യത, വിശ്വാസ്യത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവ ഉറപ്പാക്കുന്നതിനാണ് തങ്ങളുടെ നടപടിക്രമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഡിജിറ്റൽ കറൻസി നിക്ഷേപങ്ങൾ നിർദ്ദിഷ്ട നിയന്ത്രണങ്ങളാൽ നിയന്ത്രിക്കപ്പെടുന്നുവെന്നും, ഗോൾഡൻ വിസ യോഗ്യതയുമായി അവയ്ക്ക് ബന്ധമില്ലെന്നും അതോറിറ്റി സ്ഥിരീകരിച്ചു. തെറ്റായ വിവരങ്ങളോ, വഞ്ചനയോ ഒഴിവാക്കാൻ വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടണമെന്ന് നിക്ഷേപകരോട് അഭ്യർത്ഥിച്ചു. അതുപോലെ, ദുബായിലെ വെർച്വൽ അസറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളും അതോറിറ്റി നിഷേധിച്ചു. വെർച്വൽ ആസ്തികളുമായി ബന്ധപ്പെട്ട സേവനങ്ങളിലും, നിക്ഷേപങ്ങളിലും ഏർപ്പെടുമ്പോൾ പൂർണ്ണമായും ലൈസൻസുള്ളതും, നിയന്ത്രിതവുമായ കമ്പനികളുമായി മാത്രം ഇടപെടാൻ നിക്ഷേപകരോടും ഉപഭോക്താക്കളോടും അധികൃതർ അഭ്യർത്ഥിച്ചു. എല്ലായ്‌പ്പോഴും ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന നൽകുന്ന സുരക്ഷിതമായ പ്രവർത്തന അന്തരീക്ഷം നിലനിർത്തുന്നതിന്, ഉയർന്നനിലവാരത്തിലുള്ള അപകടസാധ്യത ഉറപ്പാക്കലിനോടും എസ് സി എ യുമായും ബന്ധപ്പെട്ട ഫെഡറൽ, പ്രാദേശിക നിയമ നിർവ്വഹണ സ്ഥാപനങ്ങളുമായും ഫലപ്രദമായ സഹകരണത്തോടുമുള്ള പ്രതിബദ്ധത അതോറിറ്റി എടുത്തു പറഞ്ഞു. അതോറിറ്റിയുടെ ലൈസൻസുള്ള കമ്പനികൾ ദുബായ് സർക്കാരും ബന്ധപ്പെട്ട ഫെഡറൽ അധികാരികളും വ്യക്തമാക്കിയ വിസ നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു. പൊതുജനങ്ങളും നിക്ഷേപകരും ജാഗ്രത പാലിക്കണമെന്നും കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളും അംഗീകൃത ആശയവിനിമയ മാർഗങ്ങളും പരിശോധിക്കണമെന്നും മൂന്ന് അധികാരികളും സംയുക്തമായി അഭ്യർത്ഥിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത പരസ്യങ്ങളോ, ഓഫറുകളോ ഉപയോഗിക്കുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകി. ഗോൾഡൻ വിസ ആവശ്യകതകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക്, പൊതുജനങ്ങൾ ഐസിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് www.icp.gov.ae സന്ദർശിക്കാൻഅധികൃതർ അഭ്യാർത്ഥിച്ചു.
What's Your Reaction?