പലസ്തീൻ ദേശീയ ഫുട്ബോൾ ടീം അംഗം സുലൈമാൻ അൽ-ഉബൈദ് കൊല്ലപ്പെട്ടു.
ഗാസ: ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പലസ്തീൻ ദേശീയ ഫുട്ബോൾ ടീം അംഗം സുലൈമാൻ അൽ-ഉബൈദ് കൊല്ലപ്പെട്ടു. ‘പലസ്തീൻ പെലെ’ എന്നറിയപ്പെട്ടിരുന്ന 41 കാരനായ അൽ-ഉബൈദ് തന്‍റെ കരിയറിൽ നൂറിലധികം ഗോളുകൾ അടിച്ചു കൂട്ടിയ കളിക്കാരനാണ്. “ബുധനാഴ്ച തെക്കൻ ഗാസ മുനമ്പിൽ മാനുഷിക സഹായത്തിനായി കാത്തിരുന്നവരെ ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ മുൻ ദേശീയ ടീം കളിക്കാരനും ഖദാമത്ത് അൽ-ഷാത്തി ടീമിന്‍റെ താരവുമായ സുലൈമാൻ അൽ-ഉബൈദ് രക്തസാക്ഷിയായി” പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. അൽ-അമാരി, ഖദാമത് അൽ-ഷാത്തി, ഗാസ സ്‌പോർട്‌സ് ക്ലബ്ബ് തുടങ്ങി നിരവധി ക്ലബ്ബുകൾക്ക് വേണ്ടി സുലൈമാൻ അൽ-ഒബൈദ് പന്തുതട്ടിയിട്ടുണ്ട്. 2010ൽ എഎഫ്‌സി ചലഞ്ച് കപ്പ് യോഗ്യതാ മത്സരത്തിലും, 2014ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിലും അദ്ദേഹം പലസ്‌തീൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. എല്ലാ കളികളിലും മിന്നും പ്രകടനം കാഴ്ച വച്ചതാണ് അദ്ദേഹത്തിനെ ‘പലസ്തീൻ പെലെ’ എന്ന വിളിപ്പേരിന് അർഹനാക്കിയത്.
What's Your Reaction?