മടിക്കൈ കലോത്സവത്തിന് നാട്ടിന്റെ കൂട്ടായ്മ; 800 വീടുകളിൽ നാളെ പ്രഭാതഭക്ഷണം ‘ഇഡലി’
മടിക്കൈ: മടിക്കൈ പഞ്ചായത്തിലെ 10, 11 വാർഡുകൾ ഉൾപ്പെടുന്ന ബങ്കളം, കക്കാട്ട് പ്രദേശങ്ങളിലെ ഏകദേശം 800 വീടുകളിൽ നാളത്തെ പ്രഭാതഭക്ഷണം ഇഡലിയായിരിക്കും. ബങ്കളത്ത് ഇന്ന് ആരംഭിച്ച ഐടിഐ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ മത്സരാർത്ഥികൾക്ക് പ്രഭാതഭക്ഷണം ഒരുക്കുന്നതിനായാണ് നാട്ടുകാർ മുഴുവൻ വീടുകളിലും ഇഡലി തയ്യാറാക്കുന്നത്.
വീടുകളിൽ നിന്ന് മൂവായിരത്തോളം ഇഡലികളാണ് കലോത്സവത്തിന്റെ അടുക്കളയിലേക്ക് എത്തിക്കുക. ഉച്ചഭക്ഷണത്തിനൊപ്പമൊരുക്കുന്ന പപ്പായ അച്ചാർ പഞ്ചായത്തിലെ സി.ഡി.എസ്. പ്രവർത്തകരാണ് തയ്യാറാക്കിയത്. ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ അരിയും തേങ്ങയും കുടുംബശ്രീ യൂണിറ്റുകൾ സംഭാവനയായി നൽകി.
കലോത്സവത്തിനെത്തുന്ന അതിഥികൾക്ക് രണ്ട് ദിവസവും വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നത് നാട്ടുകാരും കുടുംബശ്രീയും ചേർന്നുള്ള കൂട്ടായ്മയിലൂടെയാണ്. ഇന്ന് വൈകിട്ട് കെ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ടോടെ കലോത്സവം സമാപിക്കും.
What's Your Reaction?