റോഡ് പണി; ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം പാതയിൽ യാത്രക്കാരുടെ ദുരിതം വർധിക്കുന്നു
മടിക്കൈ: മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡിലെ കുറ്റിക്കാൽ ബല്ല വയലിൽ നടക്കുന്ന നവീകരണ പ്രവർത്തനം നീണ്ടുപോകുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും കടുത്ത പ്രതിസന്ധിയിലാക്കി. ഏപ്രിൽ 19നകം പണി പൂർത്തിയാക്കി റോഡ് തുറന്നുകൊടുക്കുമെന്ന പിഡബ്ല്യുഡിയുടെ ഉറപ്പ് നടപ്പാകാതിരുന്നത് പ്രതിഷേധം ശക്തമാക്കുകയാണ്.
വയലിൽ കൾവെർട്ട് പൊളിച്ച് റോഡ് ഉയർത്തിയും വീതി കൂട്ടിയും പുനർനിർമ്മിക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മഴക്കാലത്ത് പതിവായി വെള്ളത്തിൽ മുങ്ങുന്ന ഭാഗമായതിനാൽ ഉയർത്തിപ്പണിയുകയാണ് ലക്ഷ്യം. എന്നാൽ മഴ അടുത്തെത്തിയ സാഹചര്യത്തിൽ പോലും പണി തീരാനുള്ള സാധ്യത കുറവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
18.7 കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്റെ നവീകരണത്തിൽ 200 മീറ്റർ ഭാഗം മാത്രം മുമ്പ് ബാക്കി വന്നതായിരുന്നു. ഇപ്പോഴത്തെ പണി കാരണം റോഡ് അടച്ചതോടെ വാഹനങ്ങൾ കല്യാൺ റോഡ് വഴി നാല് കിലോമീറ്റർ അധികം കറങ്ങേണ്ട അവസ്ഥയാണ്. ഇതോടെ അമ്പലത്തുകര വരെയുള്ള മൂന്ന് കിലോമീറ്റർ പ്രദേശത്ത് ബസ് സർവീസും നിലച്ചിരിക്കുകയാണ്.
ഹൈവേ നിർമ്മാണത്തിന്റെ പശ്ചാത്തലത്തിൽ മാവുങ്കാൽ വഴി പോകുന്നത് ഒഴിവാക്കാൻ, ജില്ലാ ആശുപത്രിക്ക് മുന്നിൽ നിന്നു ഫ്ലൈഓവറിൽ കയറി കല്യാണം ഭാഗത്തേക്ക് തിരിയേണ്ട സാഹചര്യം യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ചെമ്മട്ടംവയൽ ഭാഗത്ത് നിന്നു മടിക്കൈയിലേക്ക് പോകുന്നവരും ഇതിന്റെ ആഘാതം നേരിടുന്നു.
കാഞ്ഞങ്ങാട്-മടിക്കൈ-നീലേശ്വരം റൂട്ടിൽ ഓടുന്ന ബസിന് ദിവസേന ഏകദേശം ആയിരം രൂപയുടെ അധിക ഡീസൽ ചെലവും അത്ര തന്നെ വരുമാന നഷ്ടവും സംഭവിക്കുന്നതായി ബസ് ഉടമ പറയുന്നു.
റോഡ് പണി നീളുന്നത് യാത്രാസമയത്തെ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. സ്കൂൾ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്കും ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
What's Your Reaction?