സുഡാനിൽ ജനവാസ മേഖലയിൽ സൈനിക വിമാനം തകർന്നു വീണ് സൈനികരും സാധാരണക്കാരും അടക്കം 46 പേർക്ക് ദാരുണാന്ത്യം.

Feb 26, 2025 - 16:43
 0
സുഡാനിൽ ജനവാസ മേഖലയിൽ സൈനിക വിമാനം തകർന്നു വീണ് സൈനികരും സാധാരണക്കാരും അടക്കം 46 പേർക്ക് ദാരുണാന്ത്യം.

ഖാർത്തും: സുഡാനിൽ ജനവാസ മേഖലയിൽ സൈനിക വിമാനം തകർന്നു വീണ് സൈനികരും സാധാരണക്കാരും അടക്കം 46 പേർക്ക് ദാരുണാന്ത്യം.10 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഖാര്‍തൂമിനടുത്ത് ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേർന്ന ജനവാസ കേന്ദ്രത്തില്‍ വെച്ചായിരുന്നു അപകടം. മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദ് അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് അന്‍റോനോവ് വിമാനം തകര്‍ന്നുവീണത്. പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് സുഡാനിലെ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 2023 ഏപ്രില്‍ മുതല്‍ സൈന്യവും പാരാമിലിട്ടറിയും തമ്മില്‍ അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന രാജ്യമാണ് സുഡാന്‍. അതിനാൽ തന്നെ വിമാനം തകര്‍ന്നതിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സുഡാൻ സൈന്യത്തിന്റെ റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍ വിമാനം വിമത പാരാമിലിട്ടറി വിഭാഗമായ ആര്‍എസ്എഫ് വെടിവെച്ച് വീഴ്ത്തിയിരുന്നു. അതിലുണ്ടായിരുന്ന സൈനികരടക്കം അന്ന് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow