കാത്തിരിപ്പിനൊടുവിൽ അഖിലിന്റെ മൃതദേഹം വീട്ടിലെത്തി; കണ്ണീരിൽ കുതിർന്ന് നാട്
വെള്ളരിക്കുണ്ട്: ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ അഖിൽ ജോയൽ ജന്മനാട്ടിലെ വീട്ടിലെത്തി. പക്ഷേ, വീട്ടുമുറ്റത്തേക്ക് തിരിച്ചെത്തിയത് സ്വപ്നങ്ങളുമായി കടലുകടന്നുപോയ ആ മകനായിരുന്നില്ല; വെള്ളരിക്കുണ്ടിലെ എകെജി നഗറിലെ വീട്ടിലേക്ക് എത്തിയത് വെള്ള പുതപ്പിൽ പൊതിഞ്ഞ അഖിലിന്റെ ചേതനയറ്റ ശരീരമായിരുന്നു.
യുക്രൈൻ തീരത്ത് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നാവികൻ അഖിൽ ജോയലിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട മകനെ അവസാനമായി കാണാൻ കാത്തുനിന്ന ജോയൽ-സാലി ദമ്പതികളുടെ വീട്ടിലേക്ക് മൃതദേഹം എത്തിയതോടെ നാടൊന്നാകെ ദുഃഖത്തിലായി.
അഖിലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, മുൻ എംഎൽഎ എം. രാജഗോപാൽ തുടങ്ങി നിരവധി പ്രമുഖരും നാട്ടുകാരും ബന്ധുക്കളും എത്തി. പൊതുദർശനത്തിന് ശേഷം സംസ്കാര ശുശ്രൂഷകൾ നടന്നു.
ജൂലൈ 19നാണ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ 26കാരൻ അഖിൽ ജോയൽ കൊല്ലപ്പെട്ടത്. യുക്രൈൻ ഒഡേസ തീരത്ത് ‘ഗോൾഡൻ ലിയോ’ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിലായിരുന്നു ദുരന്തം. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുൾപ്പെടെ പത്ത് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആകെ 17 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. യുക്രൈൻ സ്വദേശിയായ പൈലറ്റും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഒറ്റമകന്റെ മടക്കത്തിനായി കാത്തിരുന്ന വീട്
ജോയൽ-സാലി ദമ്പതികളുടെ ഏക മകനായിരുന്നു അഖിൽ. വിവാഹം നിശ്ചയിച്ചിരിക്കെയാണ് അഖിലിന്റെ ജീവനറ്റ ശരീരം വീട്ടിലെത്തിയത്. അവധിക്ക് നാട്ടിലെത്തി മടങ്ങിയിട്ട് ഒരു മാസം മാത്രം പിന്നിട്ടപ്പോഴായിരുന്നു മരണവാർത്ത കുടുംബത്തെ തേടിയെത്തിയത്.
കഴിഞ്ഞ നാലുവർഷമായി മർച്ചന്റ് നേവിയിൽ ജോലി ചെയ്തുവരികയായിരുന്നു അഖിൽ. കടലിന്റെ വിശാലതയിലേക്ക് യാത്ര ചെയ്ത ആ യുവാവിന് ജീവിതത്തിൽ ഇനിയും ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു. അവയെല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചുപോയി.
കായികമികവിലും തിളങ്ങിയ അഖിൽ
മർച്ചന്റ് നേവിയിലെ ജോലിക്കൊപ്പം കായികരംഗത്തും അഖിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. പ്ലസ് ടു പഠനത്തിനിടെ വടംവലി ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ അംഗമായിരുന്നു. ഒരുതവണ സംസ്ഥാന ചാമ്പ്യൻഷിപ്പിലും വിജയം നേടി.
റോപ് പുൾഅപ്പിലും അഖിൽ വേറിട്ട നേട്ടം സ്വന്തമാക്കിയിരുന്നു. 30 സെക്കൻഡിൽ 25 തവണ റോപ് പുൾഅപ്പ് ചെയ്ത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരുന്നു.
കടലിൽ നിന്ന് മടങ്ങിയെത്തി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കാനിരുന്ന അഖിൽ ഇനി ഓർമകളിൽ മാത്രം. വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണത്തിന്റെ കറുത്ത കൈകൾ ആ സ്വപ്നങ്ങളെല്ലാം തട്ടിയെടുത്തത്.
ഒടുവിൽ ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം അഖിൽ വീട്ടിലെത്തി. മകന്റെ തിരിച്ചുവരവിനായി കാത്തിരുന്ന മാതാപിതാക്കൾക്ക് ഇനി അവനെ യാത്രയാക്കേണ്ടി വന്നു. വെള്ളരിക്കുണ്ടിന്റെ മണ്ണിൽ അഖിലിന് അന്ത്യവിശ്രമം ഒരുക്കുമ്പോൾ, ഒരു കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെ മുഴുവൻ കണ്ണുകളും നിറഞ്ഞിരുന്നു.
What's Your Reaction?