ഷാർജയിൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് കാസർകോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം
ഷാർജ: അൽ നബ്ബയിൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് കാസർകോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫയാണ് മരിച്ചത്. ഷാർജയിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്തിയ കുടുംബം കഴിഞ്ഞ ബുധനാഴ്ചയാണ് ഷാർജയിലേക്ക് തിരിച്ചെത്തിയത്.
തിങ്കളാഴ്ച രാവിലെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ അപകടസമയത്ത് പിതാവ് മാത്രമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. മുറിയിൽ കളിച്ചുകൊണ്ടിരിക്കെ സഫ അബദ്ധത്തിൽ ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ ഷാർജ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ സഫയെ ഉടൻ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിച്ചു.
പിതാവ് മുബാറക് അലി ദുബൈയിലെ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനാണ്. മാതാവ് മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
What's Your Reaction?