ചായ്യോത്ത് സ്കൂളിൽ കെ.എസ്.യു കൺവെൻഷനിൽ സംഘർഷം; ജില്ലാ പ്രസിഡന്റുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Sep 9, 2026 - 19:42
 0
ചായ്യോത്ത് സ്കൂളിൽ കെ.എസ്.യു കൺവെൻഷനിൽ സംഘർഷം; ജില്ലാ പ്രസിഡന്റുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.യു യൂണിറ്റ് കൺവെൻഷനുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് ഉൾപ്പെടെയുള്ളവരെയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നുച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. നാളെ നടക്കുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെ.എസ്.യു യൂണിറ്റ് കൺവെൻഷൻ നടന്നുകൊണ്ടിരിക്കെയാണ് സംഘർഷമുണ്ടായത്. സ്കൂളിലെ എസ്.എഫ്.ഐ പ്രവർത്തകരും വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവർത്തകരും കൺവെൻഷൻ ഹാളിൽ അതിക്രമിച്ചുകയറി കെ.എസ്.യു പ്രവർത്തകരായ അതുൽ റാം, റാസിക്ക് എന്നിവരെ മർദിച്ചെന്നാണ് കെ.എസ്.യു നേതാക്കളുടെ ആരോപണം.

ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജവാദിന് മർദനമേറ്റതെന്നും കെ.എസ്.യു നേതൃത്വം ആരോപിച്ചു. തുടർന്ന് സ്കൂളിന് സമീപത്തെ പള്ളിയിലേക്ക് പോയ ജവാദിനെ സംഘം പിന്തുടർന്ന് പള്ളി കോമ്പൗണ്ടിൽ കയറി മർദിച്ചതായും പരാതിയുണ്ട്.

ജവാദിന്റെ കാറിന്റെ ഗ്ലാസ് തകർക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്.

സംഭവത്തിൽ കെ.എസ്.യു നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

നീലേശ്വരം പൊലീസ് ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow