ഉദുമ കണിയമ്പാടിയിൽ ആൾത്താമസമില്ലാത്ത വീട് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Mar 14, 2026 - 09:09
 0
ഉദുമ കണിയമ്പാടിയിൽ ആൾത്താമസമില്ലാത്ത വീട് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: ഉദുമ പാലക്കുന്ന് ആറാട്ടുകടവ് റോഡിലെ കണിയമ്പാടിയിൽ ആൾത്താമസമില്ലാത്ത വീട് തീപിടിച്ച് കത്തി നശിച്ചു. കെ കുഞ്ഞിരാമന്റെ ഉടമസ്ഥതയിലുള്ള എട്ടുമുറികളുള്ള വീടാണ് പൂർണമായും തീയിൽ നശിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. കുഞ്ഞിരാമനും കുടുംബവും സമീപത്തെ മറ്റൊരു വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി അവർ തൃക്കണ്ണാട് ക്ഷേത്രത്തിൽ പോയിരുന്നു. പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയപ്പോഴൊന്നും തീപിടുത്തം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് അവർ പറഞ്ഞു. പുലർച്ചെ മൂന്നുമണിയോടെ അയൽവാസിയായ ഹരിയാണ് വീടിന് തീപിടിച്ചതായി ആദ്യം കണ്ടത്. തുടർന്ന് കുഞ്ഞിരാമനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനാൽ വീട്ടിലെത്തി വിളിച്ചുണർത്തുകയായിരുന്നു. ഉടൻ തന്നെ കാസർകോട് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ ഇതിനോടകം വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന ടിവി, നെല്ല് സൂക്ഷിച്ചിരുന്ന പത്തായം, മര ഉരുപ്പടികൾ, കട്ടിൽ തുടങ്ങിയവയും തീയിൽ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ഫയർഫോഴ്‌സ് സേനാംഗങ്ങളായ പി രാജേഷ്, വി കെ ഷൈജു, എസ് സിദ്ധീഖ്, പി സി മുഹമ്മദ് സിറാജുദ്ദീൻ, വി എസ് ഗോകുൽ കൃഷ്ണൻ, ജെ അനന്ത, എൻ രമേശ് എന്നിവരും ഹോം ഗാർഡുമാരായ എ രാജേന്ദ്രൻ, പി വി രഞ്ജിത്ത്, പി വി പ്രസാദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow