ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസ്; പ്രതികളായ അമ്മയേയും മകളേയും 10 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു

Mar 14, 2026 - 10:36
Mar 14, 2026 - 10:39
 0
ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസ്; പ്രതികളായ അമ്മയേയും മകളേയും 10 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു

കണ്ണൂർ: ഇരിക്കൂറിലെ കുഞ്ഞാമിന കൊലക്കേസില്‍ പ്രതികളായ അമ്മയേയും മകളേയും 10 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. 2016 ഏപ്രില്‍ 30ന് ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ മെരടന്‍ കുഞ്ഞാമിനയെ(60) ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്നു രക്ഷപ്പെട്ട ന്യൂഡല്‍ഹിയിലെ നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55) മകള്‍ സക്കീന ഫാത്തിമ (32) എന്നിവരാണ് അറസ്റ്റിലായത്. 2016 ല്‍ പ്രതികള്‍ വസ്ത്ര വ്യാപാരികള്‍ എന്ന പേരില്‍ കുഞ്ഞാമിനയുടെ തൊട്ടടുത്തുള്ള വാടക വീട്ടില്‍ താമസിച്ച് കുഞ്ഞാമിനയുമായി സൗഹൃദത്തിലായശേഷം ഏപ്രില്‍ 30 ന് രാവിലെയാണ് കുഞ്ഞാമിനയെ പ്രതികളുടെ വാടക വീട്ടില്‍ വെച്ച് കഴുത്തിനും വയറിനും നെഞ്ചത്തും മാരകമായി കുത്തികൊലപ്പെടുത്തിയശേഷം കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും കയ്യിലുണ്ടായിരുന്ന ഒരുവളയും പണവും കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടത്. ആന്ധ്രാ പ്രദേശിലെ ഓംഘോള്‍ പോലീസ് സ്റ്റേഷനില്‍ സമാന കുറ്റ കൃത്യം ചെയ്ത ഇവര്‍ അവിടെ നിന്നും ജാമ്യത്തിറങ്ങി മുങ്ങിയാണ് കേരളത്തിലെത്തിയത്. ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2024-ല്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. തെലുങ്കു, കന്നഡ,തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി 7 ഭാഷകള്‍ സംസാരിക്കുന്ന പ്രതികള്‍ കണ്ണൂരിനെ കൂടാതെ കാസര്‍കോട് വയനാട്, മലപ്പുറം പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലും വിവിധ സംസ്ഥാനങ്ങളിലും മാറിമാറി താമസിച്ചാണ് കുറ്റകൃത്യങ്ങള്‍ നടത്തിയത്. എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഡിവൈഎസ് പി സുധീര്‍ കല്ലന്‍, കണ്ണൂര്‍ റൂറല്‍ ജില്ല ഹെഡ് ക്വാര്‍ട്ടേഴ്സ് എസ് ഐ മാരായ അബ്ദുല്‍ റഹൂഫ്, ഗിരീഷ്, സുധീഷ് എ എസ് ഐ മഞ്ജുള എന്നിവരടങ്ങിയ സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം അതിവിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതികളെ മധ്യപ്രദേശ് പോലീസിന്‍റെ സഹായത്തോടെ ഉജ്ജയിനിയില്‍ നിന്നും പിടികൂടിയത്. പ്രതികളെ ഇന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow