നീലേശ്വരം എഫ്.സി.ഐയിൽ 50 ദിവസമായി പണിയില്ല; ഓണക്കാലത്ത് നൂറോളം തൊഴിലാളികൾ ദുരിതത്തിൽ
നീലേശ്വരം: ഓണം സമൃദ്ധിയുടെ ആഘോഷമാകുമ്പോൾ നീലേശ്വരം എഫ്.സി.ഐയിലെ നൂറോളം കയറ്റിറക്ക് തൊഴിലാളികൾക്ക് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഏകദേശം 50 ദിവസമായി ജോലിയില്ല. ജൂൺ 30ന് ശേഷം ഒരു ദിവസം പോലും കയറ്റിറക്ക് ജോലി നടന്നിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിലെ കരാറുകാരന്റെ കരാർ അവസാനിച്ചതിന് പിന്നാലെ പുതിയ കരാർ നടപടികൾ നീണ്ടുപോയതാണ് പ്രതിസന്ധിക്ക് കാരണം.
ജൂലൈയും ഓഗസ്റ്റും പിന്നിടുമ്പോഴും പുതിയ കരാർ നിലവിൽ വരാത്തത് തൊഴിലാളികളുടെ കുടുംബജീവിതത്തെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. ഓണം അടുത്തെത്തിയിട്ടും വരുമാനമില്ലാത്ത അവസ്ഥയിലാണ് നൂറോളം തൊഴിലാളികൾ.
പുതിയ കരാറിനായി ടെൻഡർ ക്ഷണിച്ചെങ്കിലും മറ്റ് കരാറുകാർ മത്സരത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണെന്നും തൊഴിലാളികൾ ആരോപിക്കുന്നു. പ്രത്യേക വ്യക്തിക്ക് തന്നെ കരാർ ലഭിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടപടികൾ നീളാൻ കാരണമെന്നും ആരോപണമുണ്ട്.
കരാർ മേഖലയിലെ അസോസിയേഷൻ മുൻ കരാറുകാരന് തന്നെ കരാർ നൽകണമെന്ന നിലപാടെടുത്തതായും ഇതുമൂലം മറ്റുള്ളവർ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായും തൊഴിലാളികൾ പറയുന്നു. മുൻപ് ലഭിച്ചിരുന്ന നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ജോലി ഏറ്റെടുക്കാൻ മുൻ കരാറുകാരൻ തയ്യാറാകുന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതായി ആരോപണമുണ്ട്.
കേരളത്തിലെ മറ്റ് എഫ്.സി.ഐ ഗോഡൗണുകളെ അപേക്ഷിച്ച് നീലേശ്വരത്തെ തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലി വളരെ കുറവാണെന്നാണ് പരാതി. റേഷൻ അരി ഇറക്കുന്നതിന് ചാക്കിന് 8.20 രൂപയും വാഗൺ ജോലിക്ക് 6.68 രൂപയുമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. നഗരത്തിലെ സമാനമായ കയറ്റിറക്ക് ജോലിക്ക് ഇതിലും ഉയർന്ന കൂലി ലഭിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും കരാർ സംവിധാനം വന്നതോടെ ഇല്ലാതായതായും തൊഴിലാളികൾ പറയുന്നു. റേഷൻ കയറ്റുന്നതിന് ലഭിച്ചിരുന്ന ടൺ ഏജ് ആനുകൂല്യം ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. എന്നാൽ ഈ ഇനത്തിലെ തുക കരാറുകാരന് ലഭിക്കുന്നുണ്ടെന്നാണ് തൊഴിലാളികളുടെ ആരോപണം.
ആറുവർഷം മുമ്പുവരെ നീലേശ്വരത്തെ എഫ്.സി.ഐയിൽ കയറ്റിറക്ക് തൊഴിലാളികൾ ഡി.പി.എസ് സംവിധാനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കേന്ദ്ര സർക്കാർ അംഗീകരിച്ച തൊഴിലാളികളായിരുന്ന ഇവർക്ക് അർഹമായ കൂലിയും ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായി തൊഴിലാളികൾ പറയുന്നു.
പിന്നീട് ജോലി കരാർ അടിസ്ഥാനത്തിലാക്കിയതോടെ കരാറുകാർ മാറിമാറി വരികയും അതിനനുസരിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ പലതും നഷ്ടപ്പെടുകയും ചെയ്തുവെന്നാണ് പരാതി. കരാറുകാരൻ മാറിയതോടെ സീനിയോറിറ്റിയും നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറയുന്നു.
രണ്ടുവർഷത്തേക്കാണ് സാധാരണ കരാർ നൽകുന്നതെന്നും ഈ കാലയളവിൽ തൊഴിലാളികളുടെ പേരിൽ ഇൻഷുറൻസ് എടുക്കാറുണ്ടെന്നും തൊഴിലാളികൾ പറയുന്നു. എന്നാൽ പേയ്മെന്റ് സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ഇതിലും പ്രതിസന്ധിയുണ്ടായതായി ആരോപണമുണ്ട്.
കുറഞ്ഞ നിരക്കിൽ കരാർ ഏറ്റെടുത്ത് തൊഴിലാളികളെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നാണ് നിലവിലെ തൊഴിലാളികളുടെ നിലപാട്. നേരത്തെ ലഭിച്ചിരുന്ന നിരക്കിൽ 30 ശതമാനം വർധന ആവശ്യപ്പെട്ടിരുന്നെങ്കിലും 20 ശതമാനം വർധനയെങ്കിലും വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കഴിഞ്ഞ വർഷം 116 എന്ന എ.എസ്.ആർ നിരക്കിൽ 98 രൂപയ്ക്കാണ് കരാർ ഉറപ്പിച്ചതെന്നും അതുവഴി തൊഴിലാളികൾക്ക് ലഭിച്ചത് ഏകദേശം 12 ശതമാനം വർധന മാത്രമാണെന്നും അവർ പറയുന്നു. കരാറുകാരും ചില ഉദ്യോഗസ്ഥരും ഉൾപ്പെട്ട ലോബിയാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
എഫ്.സി.ഐയിലെ കയറ്റിറക്ക് ജോലി നിലച്ചതോടെ ലോറി തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്. ഗോഡൗണിൽ നിന്ന് ചരക്ക് കയറ്റിറക്കാത്തതിനാൽ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ല. എഫ്.സി.ഐയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളെയും ജോലി നിലച്ചത് ബാധിച്ചിട്ടുണ്ട്.
സമൃദ്ധിയുടെ ഓണക്കാലത്ത് നീലേശ്വരം എഫ്.സി.ഐയിലെ നൂറോളം കയറ്റിറക്ക് തൊഴിലാളികൾക്ക് വറുതിയുടെ കാലമാണ്. കരാർ നടപടികൾ ഉടൻ പൂർത്തിയാക്കി ജോലി പുനരാരംഭിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ കാത്തിരിക്കുകയാണ്.
What's Your Reaction?