ഉള്ളാൾ ബേങ്ക് കവർച്ച; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടി വെച്ച് കീഴ്പ്പെടുത്തി.
മംഗളൂരു: ഉള്ളാൾ ബാങ്ക് കവർച്ച കേസിലെ പ്രതി തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു.
കാലിൽ വെടിവെച്ച് പ്രതിയെ വീഴ്ത്തി ബലപ്രയോഗത്തിലൂടെ കീഴ്പെടുത്തി. കാലിനെ പരിക്കേറ്റ പ്രതിയെയും ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച നാലരയോടെയാണ് സംഭവം. കവർച്ച നടന്ന ഉള്ളാൾ കോട്ടേക്കാർ ബാങ്ക് പരിസരത്ത് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ആക്രമണശ്രമം ഉണ്ടായത്.
മുംബൈയിൽ താമസിക്കുന്ന കണ്ണൻ മണിയെന്ന പ്രതിയാണ് തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസുകാരെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ചത്.
ജനുവരി 17ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുഖം മൂടിയണിഞ്ഞ ആറു പേർ തോക്കുചൂണ്ടി ബാങ്കിൽ കവർച്ച നടത്തിയത്.
ബാങ്കിന് പുറത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറാണ് അന്വേഷണത്തിന് നിർണ്ണായക തുമ്പുണ്ടാക്കിയത്.
ഈ വാഹനത്തിൻ്റെ നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പോലീസിന് ജോഷ്വോയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ ലഭിച്ചു.
മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി.
അങ്ങനെയാണ് തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ തിരുനെൽവേലി പത്മനേരിയിലെ മുരുവണ്ടി തേവരെ അന്വേഷിച്ച് പോലീസ് എത്തിയതും പ്രതികൾ പിടിയിലായതും.
What's Your Reaction?