കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുന്നു. കേരളപ്പിറവി ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനയുടെ 300-ാം വകുപ്പ് പ്രകാരം പ്രഖ്യാപനം നടത്തും. തുടർന്ന് വൈകുന്നേരം സെൻട്രൽ ചടങ്ങിൽ പൊതുചടങ്ങും നടക്കും. 1956 നവംബർ ഒന്നിന് ഭാഷായുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്‌കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങൾ തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ. അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം. മഹത്തായ നേട്ടം കൈവരിച്ചതിന്‍റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങിൽ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുൻപും കലാവിരുന്നും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
What's Your Reaction?