ഗുജറാത്ത് വംശഹത്യയുടെ അതിജീവിത സാക്കിയ ജഫ്രി വിടവാങ്ങി.
2002-ലെ ഗുജറാത്ത് വംശഹത്യയുടെ അതിജീവിതയും മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയുടെ വിധവയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. അഹമ്മദാബാദില്‍ കഴിഞ്ഞിരുന്ന സാകിയ രാവിലെ 11.30 ഓടെ മരിച്ചതായി മകന്‍ തന്‍വീര്‍ അറിയിച്ചു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളുണ്ടായിരുന്നു. അഹമ്മദാബാദില്‍ ഭര്‍ത്താവിനോട് ചേര്‍ന്ന് അവരെ സംസ്‌കരിക്കുമെന്നാണ റിപ്പോർട്ട്.
ഗുജറാത്ത് വംശഹത്യക്കിടയിലെ പ്രധാന സംഭവമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഈ കൂട്ടക്കൊലയിലാണ് എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. 2023 വരെ കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്റെ വീട്ടിലെ അവശിഷ്ടങ്ങള്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.
വംശഹത്യക്ക് ശേഷം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയിരുന്നു. വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് നിരവധി പേര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അവര്‍ നല്‍കിയ ഹര്‍ജി 2022-ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. വംശഹത്യയിലെ ഇരകള്‍ക്ക് നീതി തേടിയുള്ള പോരാട്ടത്തിന്റെ മുഖമായി അവർ മാറി.
What's Your Reaction?