ചെമ്പരിക്ക ഖാളിയുടെ ദുരൂഹ മരണം; ഹക്കീം ഫൈസിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം.
കാസർകോട്: ഇ കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും, ചെമ്പരിക്ക ഖാളിയുമായിരുന്ന സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിഐസി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ റേഞ്ച് ഡി ഐ ജി ക്കാണ് അന്വേഷണച്ചുമതല. അബ്ദുള്ള മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പല തെളിവുകളും കയ്യിലുണ്ടെന്ന് ഹക്കീം ഫൈസി ആദൃശേരി ഒരു പൊതുവേദിയിൽ പ്രസംഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഈ കൊലയാളി സംഘം പണ്ഡിത സംഘടനയെ പോലും വിലക്കെടുത്തിരിക്കുന്ന അവസ്ഥയാണെന്ന് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉയർത്തിയിരുന്നു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷൻ കമ്മിറ്റി ഉപാധ്യക്ഷൻ ഉബൈദുള്ള കടവത്ത്, ചെമ്പരിക്ക ജുമാ മസ്ജിദ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സർദാർ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ തെളിവുകളും, ഡിജിറ്റൽ തെളിവുകളും, രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാൻ തയ്യാറാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി കണ്ണൂർ റേഞ്ച് ഡി ഐ ജി ക്ക് അന്വേഷണച്ചുമതല നൽകിയിരിക്കുന്നത്. 15 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിലായിരുന്നു അബ്ദുല്ല മൗലവിയുടെ മരണം. കൊലപാതകമാണെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 15 വർഷമായി സിബിഐ അന്വേഷണം നടത്തിയിട്ടും കുറ്റക്കാർക്കെതിരെ തെളിവൊന്നും ലഭിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 2010 ഫെബ്രുവരി 15ന് രാവിലെയാണ് അബ്ദുല്ല മൗലവിയുടെ മൃതദേഹം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയത്. കടപ്പുറത്ത് നിന്ന് 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും, നാട്ടുകാരും പറയുമ്പോഴും ഈ ദിശയിലേക്കുള്ള ദിശയിലേക്കുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ല എന്നാണ് പരാതി.
What's Your Reaction?