നുള്ളിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞു, രണ്ട് പേർ കസ്റ്റഡിയിൽ
കാസർകോട്: നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിനടുത്ത് ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കർണാടക ഗദഗ് ജില്ലയിലെ ബലേഗ ഹുസൂർ സ്വദേശിയായ ചന്ദ്രശേഖർ സുരേഷ് പട്ടാട് (38) ആണ് മരിച്ചത്. കാസർകോട് താമസിച്ച് ജോലി ചെയ്തുവരുന്ന ബന്ധുക്കളും നാട്ടുകാരും ജനറൽ ആശുപത്രിയിൽ എത്തി മൃതദേഹം ചന്ദ്രശേഖരന്റേതാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശികളായ രണ്ട് പേരെ കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ചൊവ്വാഴ്ച രാത്രി 10:15ഓടെയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിനകത്തും സമീപ വഴികളിലും ചോരപ്പാടുകൾ കണ്ടെത്തി. മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകളും തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലക്കേറ്റ ഗുരുതരമായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊലപാതകമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്ത് ലഭിച്ച ആധാർ കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താൻ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു. ആദ്യം ആധാർ കാർഡിന്റെ ഉടമയാണ് കൊല്ലപ്പെട്ടതെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ചന്ദ്രശേഖരനാണെന്ന് വ്യക്തമായി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
What's Your Reaction?