പാണത്തൂർ മുദ്ദപ്പ ഗൗഡ കൊലക്കേസ്; പ്രതികളുടെ ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി.
കാഞ്ഞങ്ങാട്: രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാണത്തൂർ കല്ലപ്പള്ളിയിലെ മുദ്ദപ്പ ഗൗഡ(52) കൊലക്കേസിൽ പ്രതികളായ അമ്മയുടെയും, മകന്റെയും ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കല്ലപ്പള്ളി സ്വദേശികളായ പി സി ലളിത, മകൻ നിതിൻ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് ടിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളിയത്. ലളിതയുടെ ഭർത്താവിന്റെ സഹോദരനാണ് കൊല്ലപ്പെട്ട മുദ്ദപ്പ ഗൗഡ. പറമ്പിലെ കുളത്തിൽ നിന്നും വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ 2011 മാർച്ച് നാലിന് പ്രതികൾ വെട്ടിയും, മർദ്ദിച്ചും മുദ്ദപ്പയെ കൊലപ്പെടുത്തിയെന്നാണ് രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസ്. കാസർകോട് അഡീഷണൽ സെഷൻസ് കോടതി പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ അംഗീകരിച്ചു കൊണ്ടാണ് വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായത്. കൊലക്കേസുകളിൽ മൃതദേഹ പരിശോധന നടത്തുന്ന ഡോക്ടർ നൽകുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് എല്ലായിപ്പോഴും തെളിവായി മാറില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടർ എഴുതി നൽകുന്ന പ്രാഥമിക പ്രസ്താവന മാത്രമാണത്. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ എങ്ങനെ ഉണ്ടായി, മരണകാരണം എന്ത് തുടങ്ങിയ നിഗമനങ്ങൾ കൂടി വ്യക്തമാക്കിയാലേ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് ഉറച്ച തെളിവായി മാറുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി. മുഖ്യസാക്ഷിയും, കൊല്ലപ്പെട്ട ആളുടെ മകനുമായ യുവാവിന്റെ വിശ്വാസയോഗ്യമല്ലാത്ത വിവരണത്തിന നുസരിച്ചു തുന്നിച്ചേർത്ത കേസാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
What's Your Reaction?