ഭിന്നശേഷിക്കാരനായ മൂന്നു വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി.
തൊടുപുഴ: തൊടുപുഴ കാഞ്ഞിരമറ്റത്ത് വാടക വീട്ടിൽ മൂന്ന് വയസുകാരനെയും, അച്ഛനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷും(34), മകൻ ദേവുമാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. രാത്രി എട്ടരയോടെയായിരുന്നു സംഭവം പുറംലോകമറിഞ്ഞത്. വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞു വന്ന ഉന്മേഷിന്റെ ഭാര്യ ശില്പയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഉന്മേഷ് ഹാളിലും, കുട്ടി കിടപ്പ് മുറിയിലും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉന്മേഷ് കയറിലും, കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്. ശില്പയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലപ്പണിയും, ലോട്ടറി വിൽപ്പനയുമാണ് ഉന്മേഷിന്റെ ജോലി. തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
What's Your Reaction?