മനുഷ്യകുലത്തിന്റെ നിലനില്പിന് ഐക്യം അനിവാര്യം; കെ പി രാമനുണ്ണി
കാഞ്ഞങ്ങാട്: ദേശീയതയ്ക്കും വംശീയതയ്ക്കും ഭാഷാപരമായ വ്യത്യാസങ്ങൾക്കും ഉപരിയായി ലോകത്തിലെ എല്ലാ മനുഷ്യരും ഐക്യത്തോടെ നിന്നില്ലെങ്കിൽ മനുഷ്യകുലം തന്നെ ഇല്ലാതാകുന്ന ചരിത്ര സന്ധിയിലാണ് നമ്മളെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി. വായനക്കാരുടെ കൂട്ടായ്മയായ കഥാവസന്തം സംഘടിപ്പിച്ച ഇരുനൂറാം ലക്ക കഥാചർച്ചയും സ്നേഹസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും മഹാമാരികളും മനുഷ്യരാശിക്ക് മുന്നിൽ വലിയ ഭീഷണികളാണ് ഉയർത്തുന്നത്. ഇത്തരം പ്രതിസന്ധികളിൽ മനുഷ്യനെ ഐക്യപ്പെടുത്താനുള്ള പ്രധാന കലാപരമായ ഉപാധിയാണ് സാഹിത്യമെന്നും അതുകൊണ്ടുതന്നെ കഥാവസന്തം പോലുള്ള കൂട്ടായ്മകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനെ മനുഷ്യനാക്കുന്നത് മർത്യഭാഷയാണെങ്കിൽ അവനെ ചരിത്ര മനുഷ്യനാക്കുന്നത് കഥയാണ്. ഭാവി സമൂഹത്തെ രൂപപ്പെടുത്തുന്ന പരീക്ഷണശാലകളാണ് സാഹിത്യകൃതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ ഡോ: എൻ പി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ: സജയ് കെ വി മുഖ്യപ്രഭാഷണവും ചെറുകഥാകൃത്ത് പി കെ പാറക്കടവ് മുഖ്യാതിഥിയായും സംസാരിച്ചു. എഴുത്തുകാരായ ദിവാകരൻ വിഷ്ണുമംഗലം, വത്സൻ അഞ്ചാംപീടിക, സീതാദേവി കരിയാട്ട്, വി എം മൃദുൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓടക്കുഴൽ അവാർഡ് ജേതാവ് ഇ പി രാജഗോപാലൻ, ഡി സി ബുക്സ് സെഡോറ പുരസ്കാരം നേടിയ അനുജിത്ത് ശശിധരൻ, കഥാവസന്തം പോസ്റ്റർ ഡിസൈനർമാരായ രാഹുൽ ഉദിനൂർ, കെ ദേവനന്ദ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗണേശൻ അയറോട്ട് സ്വാഗതവും, കെ ജി ജ്യോതിമോൾ നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി അംബികാസുതൻ മാങ്ങാടിന്റെ സുറുമി എന്ന കഥയെ ആസ്പദമാക്കി കഥാചർച്ചയും നടന്നു. അനീഷ് വെങ്ങാട്ട് മോഡറേറ്ററായ ചർച്ചയിൽ നിരവധി വായനക്കാർ പങ്കെടുത്തു. ചർച്ചകൾക്ക് കഥാകൃത്ത് അംബികാസുതൻ മാങ്ങാട് മറുപടി നൽകി. ബാലകൃഷ്ണൻ ചാപ്പയിൽ നന്ദി പറഞ്ഞു.
What's Your Reaction?