രാസലഹരി വിൽപ്പനയിലെ മുഖ്യകണ്ണി പൊന്ന് അജ്മലിനെയും, സംഘത്തേയും കർണ്ണാടക പോലീസ് പിടികൂടി
കോഴിക്കോട്: കേരളത്തിലെ രാസലഹരി വില്‍പ്പനയിലെ മുഖ്യകണ്ണിയായി അറിയപ്പെട്ടിരുന്ന പിടികിട്ടാപ്പുളളി പൊന്ന് അജ്മല്‍ എന്ന ചെന്നിലോട്ട് അജ്മലിനെ(30) കര്‍ണാടക പോലീസ് പിടികൂടി. കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയായ ഇയാൾക്കൊപ്പം കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നില്‍ ഇസ്മായില്‍(28), പാലേരി കാഞ്ഞായി വീട്ടില്‍ ഷംസീര്‍(27) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായ മറ്റ് രണ്ട് പേര്‍. ദക്ഷിണ കന്നട ജില്ലയിലെ പുറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധനക്കിടയില്‍ മൂവരും സഞ്ചരിച്ച കാര്‍ പോലീസ് തടഞ്ഞ് പരിശോധിക്കുകയും 50 ഗ്രാം എംഡിഎംഎയും സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച മാരകായുധവും കണ്ടെത്തുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് കുര വേളത്തെ ചെന്നിലോട്ട് വീട്ടില്‍ തെളിവെടുപ്പിനായ് കൊണ്ടു വന്നു. നാട്ടുകാരുടെ ഏറെ നാളായുള്ള ആഗ്രഹമാണ് കര്‍ണാടക പോലീസ് നിറവേറ്റിയത്. നാട്ടിലെ യുവാക്കളുടെ നേതൃത്വത്തില്‍ തന്നെ കൂട്ടായ്മ രൂപീകരിച്ച് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ടായിരുന്നു. അജ്മലുമായി കര്‍ണാടക പോലീസ് എത്തിയെന്നറിഞ്ഞ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാര്‍ ആഘോഷിച്ചു. ഇവിടെ ഏകദേശം രണ്ട് കോടി രൂപയോളം സാമ്പത്തിക ബാധ്യത ഇയാള്‍ക്ക് ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ബാംഗ്ലൂരിലേക്ക് കുടിയേറുകയായിരുന്നു. അവിടെ എംഡിഎംഎ നിര്‍മ്മിക്കുകയും ഏജന്റുമാരെ ഉപയോഗിച്ച് വില്‍പ്പന നടത്തി വരികയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിവരം ഇടയ്ക്കിടെ ബാംഗ്ലൂരില്‍ നിന്നും താവളം മാറ്റിയിരുന്ന ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും പോലീസിന് വിലങ്ങു തടിയായി.
What's Your Reaction?