വനിത പോലീസിനെ വെട്ടിക്കൊന്ന സംഭവം; ഭർത്താവിന്ന് മൂന്ന് ജീവപര്യന്തം
കണ്ണൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന കരിവെള്ളൂരിലെ പി ദിവ്യശ്രീ(38)യെ പെട്രോൾ ഒഴിച്ച് വെട്ടി കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിലാണ് പ്രതിയായ ഭർത്താവ് രാജേഷിനെ ജില്ല സെഷൻസ് ജഡ്ജി കെ ടി നിസാർ അഹമ്മദ് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2024 നവംബർ 21-ന് വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന ദിവ്യശ്രീ ചന്തേര പോലീസ് സ്റ്റേഷനിൽ താൽക്കാലിക ചുമതല നിർവഹിച്ചുവരികയായിരുന്നു.
സംഭവ ദിവസം ബൈക്കിൽ വീട്ടിലെത്തിയ പ്രതി ദിവ്യശ്രീയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി ഗേറ്റിന് സമീപം കുഴഞ്ഞുവീണു. തടയാൻ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
നാട്ടുകാർ ഇരുവരെയും ഉടൻ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവ്യശ്രീയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് ബാറിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് വിവാഹമോചന കേസ് തലേന്ന് കണ്ണൂർ കോടതിയിൽ പരിഗണിച്ചിരുന്നു. കോടതിയിൽ അന്നേ ദിവസം ദിവ്യശ്രീ ഭർത്താവുമായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ പശ്ചാത്തലമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
What's Your Reaction?