സമസ്ത നൂറാം വാർഷികം; സുരക്ഷ ഉറപ്പാക്കി ജില്ലാ ഭരണകൂടം.
പത്തായിരം മഹല്ലുകളിൽ നിന്നായി 5 ലക്ഷത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ സംഘാടനം കുറ്റമറ്റതാക്കണമെന്നും ജനങ്ങളുടെ സുരക്ഷാ പരമപ്രധാനമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കാസർകോട്: കുണിയയിൽ ഫെബ്രുവരി എട്ടിന് നടക്കുന്ന സമസ്തയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന പരിപാടിയുടെ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ജില്ലാ കളക്ടർ കെ ഇമ്പ ശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. പത്തായിരം മഹല്ലുകളിൽ നിന്നായി 5 ലക്ഷത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ സംഘാടനം കുറ്റമറ്റതാക്കണമെന്നും ജനങ്ങളുടെ സുരക്ഷാ പരമപ്രധാനമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജനത്തിരക്ക് കൈകാര്യം ചെയ്യൽ, ട്രാഫിക് നിയന്ത്രണം, പരിപാടി സംഘടിപ്പിക്കുന്ന പ്രദേശത്തെ സുരക്ഷ, വേദിയുടെയും, പാചകപ്പുരയുടെയും, പൊതു ജനങ്ങൾ കൂടുന്ന മുഴുവൻ പ്രദേശത്തെയും സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ സംഘാടകർക്ക് നിർദ്ദേശം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ആളുകൾക്ക് പ്രത്യേകം മാർക്ക് ചെയ്ത സ്ഥലങ്ങളിൽ ഇരിപ്പിടം ഒരുക്കണമെന്നും, മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള വിഐപികൾ പങ്കെടുക്കുന്ന പരിപാടിയുടെ ക്രമസമാധാനം ഉറപ്പാക്കൽ, സുരക്ഷ, പാർക്കിംഗ്, വൈദ്യസഹായം, ഫയർഫോഴ്സ്, വൈദ്യുതിയും നിർമ്മിതിയും സംബന്ധിച്ച സുരക്ഷ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പരിപാടി നടക്കുന്ന പ്രധാന ഇടങ്ങളിൽ സിസിടിവി സൗകര്യം ഏർപ്പെടുത്തണമെന്നും പരിപാടി നടക്കുന്ന ദിവസം ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന പരിപാടി ആയതിനാൽ ആവശ്യത്തിന് ശുചിമുറികൾ സജ്ജീകരിക്കണമെന്നും, ജനങ്ങൾക്ക് കുടിവെള്ളം നൽകുന്നതിനുള്ള സൗകര്യവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ദിശാസൂചകങ്ങളും എമർജൻസി എക്സിറ്റുകളും ആവശ്യമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പോലീസ് മേധാവി വിജയ ഭാരത റെഡ്ഡി, എസ്പി അച്യുത് അശോക്, എ ഡി എം പി അഖിൽ, റഷീദ് ബെളിഞ്ചം എന്നിവർ സംസാരിച്ചു.
What's Your Reaction?