"ആയിരം തൈകൾ ആയിരം കൈകളിലൂടെ" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രഗിരിക്കോട്ടയിൽ നടന്നു
കാസർകോട്: ആഗോളതാപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശവുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ മിഷന്റെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ‘മഴത്തുള്ളി-ആയിരം തൈകൾ ആയിരം കൈകളിലൂടെ’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചരിത്രപ്രസിദ്ധമായ ചന്ദ്രഗിരിക്കോട്ടയിൽ കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഹാജി വൃക്ഷത്തൈ നട്ടു നിർവഹിച്ചു. പ്രകൃതി സംരക്ഷണവും ഹരിതവൽക്കരണവും ലക്ഷ്യമിട്ട് ജില്ലയിലെ മുഴുവൻ സി.ഡി.എസ്സുകളുടെയും നേതൃത്വത്തിൽ വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
ജില്ലയിലെ വിദ്യാലയങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ്മസേന എന്നിവരുമായി പൂർണ്ണമായും സഹകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങളും പ്ലാസ്റ്റിക് മാലിന്യ നിർമാർജനവും നടത്തുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം അവ പൂർണ്ണ വളർച്ചയെത്തുന്നത് വരെ സംരക്ഷിക്കാനുള്ള ചുമതലയും സി.ഡി.എസ് പ്രവർത്തകർ ഏറ്റെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിസ്ഥിതി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവൽക്കരണ റാലികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യ സംസ്കരണം, ജൈവകൃഷിരീതികൾ, അടുക്കളത്തോട്ട നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ പൊതുജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും ഇതോടനുബന്ധിച്ച് നടന്നു. ഭൂമിയുടെ പച്ചപ്പ് നിലനിർത്താനും ഭാവി തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കാനുമുള്ള ഈ വലിയ ദൗത്യത്തിൽ ജില്ലയിലെ മുഴുവൻ ജനങ്ങളും പങ്കാളികളാകുന്നുണ്ട് .
ചന്ദ്രഗിരിക്കോട്ടയിൽ നടന്ന ചടങ്ങിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബുബക്കർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ കെ. സ്വാഗതം പറഞ്ഞു. കാസർകോട് ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാർ ജെ. കെ പരിസ്ഥിതി ദിനസന്ദേശം നൽകി.ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജന പവിത്രൻ, ഇരുപത്തിരണ്ടാം വാർഡ് അംഗം സൈതുന അഹമ്മദ്, വൈസ് ചെയർപേഴ്സൺ ഫാത്തിമത്ത് ബുഷ്റ എം, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ആതിര ടി. എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഇ. ഷിബി, ബ്ലോക്ക് കോർഡിനേറ്റർമാരായ കെ. സജിനി, എം. വി. ഭവ്യ, സി രേഷ്മ, പി.പി. അനുശ്രീ, യദു രാജ്, ഓഫീസ് സ്റ്റാഫ് പി. രാജു എന്നിവർ പങ്കെടുത്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ പി ഭാർഗവി നന്ദി പറഞ്ഞു.
What's Your Reaction?