ബസ് ചാർജ്ജ് വർദ്ധനവ്; എ കെ എം അഷറഫ് എംഎൽഎ ഗതാഗത വകുപ്പ് മന്ത്രിയെ കണ്ടു നിവേദനം നൽകി
തിരുവനന്തപുരം: കർണാടക ആർടിസി ടിക്കറ്റ് നിരക്ക് ഏഴു രൂപ മുതൽ പത്തു രൂപ വരെ വർദ്ധിപ്പിച്ചതിൽ സംസ്ഥാനസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ കണ്ടു നിവേദനം നൽകി. രാജഹംസ ബസ്സിൽ പത്തു രൂപയാണ് വർദ്ധന നിലവിൽ വന്നത്. ഓർഡിനറി ബസ്സിൽ ഏഴു രൂപയും വർദ്ധിപ്പിച്ചു. കർണാടകയുടെ 42 ബസ്സാണ് ആരിക്കാട് ടോൾ പ്ലാസ വഴി കടന്നു പോകുന്നത്. കാസർകോട് നിന്നും മംഗളൂരുവിലേക്ക് 81 രൂപയാണ് ബസ് ചാർജ്. അത് 88 രൂപയായാണ് വർധിപ്പിച്ചത്. അതേസമയം കേരള കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് നിലവിൽ വർധിപ്പിച്ചിട്ടില്ല. കേരള ബസുകളിൽ നിരക്ക് വർദ്ധന ഉണ്ടാവാതിരിക്കാൻ മന്ത്രി ഇടപെടണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒറ്റയടിക്ക് 7 രൂപ വർധിപ്പിച്ചത് യാത്രക്കാർക്ക് കനത്ത പ്രഹരമായതോടെയാണ് ഗതാഗത മന്ത്രിയെ കണ്ടതെന്ന് എംഎൽഎ പറഞ്ഞു.
What's Your Reaction?