ഇന്ത്യയുടെ പ്രതീക്ഷയായി കുവൈത്തിലെ മലയാളി വിദ്യാർത്ഥി: ഏഷ്യൻ യൂത്ത് ഗെയിംസിൽ മത്സരിക്കും.
കാസർഗോഡ് മൊഗ്രാൽ പുത്തൂരിലെ ബള്ളൂർ സ്വദേശിയായ മുഹമ്മദ് കമാലിന്റെയും, പൊയിനാച്ചിയിലെ മൈലാട്ടി സ്വദേശിനി റഹീന കമാലിന്റെയും മകനാണ് നിഹാൽ.
കുവൈത്ത് സിറ്റി: ബഹ്‌റൈനിൽ നടക്കുന്ന മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കുവൈത്തിലെ മലയാളി വിദ്യാർത്ഥി പങ്കെടുക്കും. ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന ഈ കായിക മാമാങ്കത്തിലേക്ക് കുവൈത്തിലെ പ്ലസ് ടു വിദ്യാർത്ഥിയായ യുവ അത്‌ലറ്റ് നിഹാൽ കമാൽ തിരഞ്ഞെടുക്കപ്പെട്ടു. 100 മീറ്റർ ഓട്ടത്തിലും, 1000 മീറ്റർ മെഡ്‌ലി റിലേയിലും നിഹാൽ ഇന്ത്യക്കായി ട്രാക്കിലിറങ്ങും. 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 8,000 യുവ അത്‌ലറ്റുകൾ ഈ ഒളിമ്പിക് ശൈലിയിലുള്ള കായികമേളയിൽ മത്സരിക്കും. നിലവിൽ, ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ശേഷം നിഹാൽ ഡൽഹിയിലെ ദേശീയ കോച്ചിംഗ് ക്യാമ്പിൽ പരിശീലനം നേടുകയാണ്. ഈ മാസം ആദ്യം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബാംഗ്ലൂർ കാമ്പസിലും അദ്ദേഹം പരിശീലനം നേടിയിരുന്നു. കുവൈത്തിലെ ഡൽഹി പബ്ലിക് സ്‌കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയായ നിഹാൽ, ഇന്ത്യയിലും കുവൈത്തിലും സ്‌കൂൾ, ദേശീയ തലങ്ങളിൽ തന്റെ കായിക പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഏഷ്യൻ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിൽ കർണാടകയിൽ നിന്നും, കേരളത്തിൽ നിന്നുമുള്ള ഏക അത്‌ലറ്റ് കൂടിയാണ് നിഹാൽ. കാസർഗോഡ് മൊഗ്രാൽ പുത്തൂരിലെ ബള്ളൂർ സ്വദേശിയായ മുഹമ്മദ് കമാലിന്റെയും, പൊയിനാച്ചിയിലെ മൈലാട്ടി സ്വദേശിനി റഹീന കമാലിന്റെയും മകനാണ് നിഹാൽ. നിലവിൽ ഇവർ മംഗലാപുരത്താണ് താമസിക്കുന്നത്.
What's Your Reaction?