എരിക്കുളം വയലിൽ മണ്ണെടുപ്പ് ഉത്സവം തുടങ്ങി
മടിക്കൈ: ഒരു ഗ്രാമത്തിന്റെ അടയാളങ്ങൾ രേഖപ്പെടുത്തി വിളിച്ചോതി പ്രായഭേദമന്യേ ഒരു ഗ്രാമം മുഴുവൻ പങ്കെടുക്കുന്ന എരിക്കുളം വയലിലെ മണ്ണെടുപ്പ് ഉത്സവം തുടങ്ങി. മടിക്കൈ പഞ്ചായത്തിലെ എരിക്കുളം ഗ്രാമത്തിലാണ് അന്യം നിന്ന് പോകാതെ പരമ്പരാഗത രീതിയിൽ ഇന്നും മണ്ണെടുപ്പ് ആഘോഷമായി നടക്കുന്നത്.
മൺകലം നിർമ്മിക്കാനുള്ള കളിമണ്ണാണ് എരിക്കുളം വയലിൽ നിന്ന് കുഴിച്ചെടുത്ത് ശേഖരിക്കുന്നത്. വിഷു കഴിഞ്ഞ് പിറ്റേദിവസം മുതൽ കളിമണ്ണ് കുഴിച്ചെടുക്കാൻ തുടങ്ങും. നൂറ്റാണ്ടുകളായി കുശവ സമുദായക്കാരുടെ ഒരു ആചാരം കൂടിയാണിത്. ഒരു വർഷക്കാലം മൺപാത്രനിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ വീട്ടുമുറ്റത്ത് ചെറിയ കുഴിയിൽ സൂക്ഷിക്കും. ചളി ചൂര്, പൊടി ചൂര് എന്നീയിനം മണ്ണാണ് വയലിൽ നിന്ന് കുഴിച്ചാൽ കിട്ടുന്ന ഇനങ്ങൾ.
ഈ മണ്ണ് വീടുകളിൽ എത്തിച്ച് ആവശ്യത്തിന് പൂഴി ചേർത്ത് മൺപാത്ര നിർമ്മാണത്തിന് ആവശ്യമായ രീതിയിൽ കുഴച്ചെടുക്കും. 200ൽ പരം വീടുകളിൽ അമ്പതോളം വീടുകളിൽ മാത്രമാണ് ഇപ്പോൾ മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെടുന്നത്. ജില്ലയിൽ മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ് എരിക്കുളം ഗ്രാമം.
അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ വീടുകളുടെ അടുക്കളകൾ കയ്യടക്കിയപ്പോൾ മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെടുന്നവർ ചുരുങ്ങി കുലത്തൊഴിൽ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും മലയാളിയുടെ വിഷു ഉത്സവത്തിന് പ്രത്യേകം അലങ്കരിച്ച മൺ കലങ്ങൾ കണിവെക്കാൻ കൂടിയ തീരൂ.
What's Your Reaction?