കാഞ്ഞങ്ങാട്ട് ചക്കയുടെ രുചിവിസ്മയം; വൈവിധ്യമാർന്ന വിഭവങ്ങളോടെ ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി

May 26, 2026 - 16:57
 0
കാഞ്ഞങ്ങാട്ട് ചക്കയുടെ രുചിവിസ്മയം; വൈവിധ്യമാർന്ന വിഭവങ്ങളോടെ ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: ചക്കയുടെ ഔഷധഗുണവും പോഷകമൂല്യവും പൊതുജനങ്ങളിലെത്തിക്കാനും പാരമ്പര്യ-നൂതന ചക്കവിഭവങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്താനുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ്, സെക്കന്റ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചക്ക ഫെസ്റ്റ് ശ്രദ്ധേയമായി. പ്രദർശനം, വിപണനം, മത്സരങ്ങൾ എന്നിവയോടെ നടന്ന ഫെസ്റ്റിൽ എഴുപതിലധികം വൈവിധ്യമാർന്ന ചക്കവിഭവങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

ചക്ക കേക്ക്, ബിരിയാണി, പുഡ്ഡിംഗ്, കട്ട്ലറ്റ്, പായസം, ഹൽവ, ഇഡ്ഡലി തുടങ്ങി പാരമ്പര്യത്തിന്റെയും പുതുമയുടെയും രുചിക്കൂട്ടുകൾ നിറഞ്ഞ വിഭവങ്ങളാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി അധ്യക്ഷത വഹിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.വി. ജാഫർ, ഫൗസിയ ഷെരീഫ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പി. പ്രഭ, സെക്രട്ടറി എം.വി. ദിവാകരൻ, ജില്ലാ മിഷൻ ജീവനക്കാരായ കെ. നിമിഷ, ഇ.ടി. ശ്രീവിദ്യ, എം. ഗ്രീഷ്മ, എം. സുമ, കെ. ഷീബ എന്നിവർ സംസാരിച്ചു.

കുടുംബശ്രീ സിഡിഎസ് ഫസ്റ്റ് ചെയർപേഴ്സൺ പുഷ്പലത സ്വാഗതവും സെക്കന്റ് ചെയർപേഴ്സൺ പി.വി. രത്നാവതി നന്ദിയും രേഖപ്പെടുത്തി. കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

വാശിയേറിയ ചക്കവിഭവ മത്സരത്തിൽ ഒരുമ കുടുംബശ്രീയിലെ പി.കെ. തസ്ലീന ഒന്നാം സ്ഥാനവും, തന്മയ കുടുംബശ്രീയുടെ പി.കെ. സാജിത രണ്ടാം സ്ഥാനവും, ശ്രീദുർഗ കുടുംബശ്രീയുടെ എം. സലീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് നഗരസഭാ സെക്രട്ടറി കെ.എം. ഗിരീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. സുമതി എന്നിവർ ക്യാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow