കാസർകോട് ജനറൽ ആശുപത്രിയിൽ ആധുനിക മോർച്ചറി കെട്ടിടം തുറന്നു

Feb 21, 2026 - 17:24
 0
കാസർകോട് ജനറൽ ആശുപത്രിയിൽ ആധുനിക മോർച്ചറി കെട്ടിടം തുറന്നു

കാസർകോട്: ജില്ലയിലെ പ്രധാന സർക്കാർ ചികിത്സ കേന്ദ്രമായ കാസർകോട് ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ മോർച്ചറി കെട്ടിടം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.20 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം നിർമ്മിച്ചത്. ഒരേസമയം കൂടുതൽ മൃതദേഹങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഫ്രീസർ സംവിധാനവും വിപുലമായ പോസ്റ്റ്മോർട്ടം ടേബിളുകളും പരിശോധന മുറികളും പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവർത്തനസജ്ജമായതോടെ 24 മണിക്കൂറും മോർച്ചറി സേവനം ലഭ്യമാകും. പഴയ മോർച്ചറിയിലെ സ്ഥലപരിമിതിക്കും അപര്യാപ്തതകൾക്കും ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്. കാസർകോട് നഗരസഭ വൈസ് ചെയർപേഴ്സൺ കെ എം ഹനീഫ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഡെപ്യൂട്ടി ഡിഎംഒ ഡി സന്തോഷ്, മെഹ്റുന്നിസ ഹമീദ്, ഷമീന മുജീബ്, ഹമീദ് ബെദിര, എൻ ആർ വിദ്യാശ്രീ, ജാഫർ കമാൽ, വാർഡ് കൗൺസിലർ രാമകൃഷ്ണ ഹൊള്ള എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി എം യമുന പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കരാറുകാരൻ മഹറൂഫ് ബെദിരിയയ്ക്ക് ചടങ്ങിൽ ഉപഹാരം നൽകി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകുമാർ മുകുന്ദൻ സ്വാഗതവും, ഫോറൻസിക് സർജൻ ഡോക്ടർ എം രോഹിത് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow