കാസർകോട് ജില്ലാ ആശുപത്രിക്ക് സഞ്ചരിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി യൂണിറ്റ്; 10 കോടിയുടെ സേവന പദ്ധതിയുമായി ലയൺസ്

മടിക്കൈയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ആർട്ട് സെന്ററിന് ഒരു കോടി രൂപ

Jul 24, 2026 - 14:01
 0
കാസർകോട് ജില്ലാ ആശുപത്രിക്ക് സഞ്ചരിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി യൂണിറ്റ്; 10 കോടിയുടെ സേവന പദ്ധതിയുമായി ലയൺസ്

കാസർകോട്: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മാഹി ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318-ഇയുടെ നേതൃത്വത്തിൽ 10 കോടി രൂപയുടെ വിവിധ സേവനപദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലാ ആശുപത്രിക്ക് പ്രമേഹരോഗികളുടെ നേത്രപരിശോധനയ്ക്കായി സഞ്ചരിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി യൂണിറ്റ് സംഭാവന നൽകും.

മടിക്കൈ അടുക്കത്ത് പറമ്പിൽ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന് ഒരു കോടി രൂപ ധനസഹായം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 26ന് കാഞ്ഞങ്ങാട് നടക്കുന്ന ലയൺസ് ഡിസ്ട്രിക്ട് സമ്മേളനത്തിൽ ടൈറ്റസ് തോമസ് ഡിസ്ട്രിക്ട് ഗവർണറായും പി. എസ്. സൂരജ്, വത്സല ഗോപിനാഥ് എന്നിവർ വൈസ് ഗവർണർമാരായും സ്ഥാനമേൽക്കും. ക്യാബിനറ്റ് അംഗങ്ങളും അന്നേദിവസം ചുമതലയേൽക്കും. ഇന്റർനാഷണൽ ഡയറക്ടർ ആർ. മദല ഗോപാൽ, ഏരിയ ലീഡർ എ. വി. വാമൻ കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. 2,500-ഓളം ലയൺസ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്ഥാനാരോഹണത്തോടനുബന്ധിച്ച് നടപ്പാക്കുന്ന പ്രധാന സേവനപദ്ധതികളിൽ 100 അംഗൻവാടികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഓരോ ലക്ഷം രൂപ വീതം ധനസഹായം, 400 പേർക്ക് കൃത്രിമ കാലുകൾ, 100 പേർക്ക് ഓർത്തോട്ടിക് ഉപകരണങ്ങൾ, 30 നിർധന കുടുംബങ്ങൾക്ക് വീടുകൾ, സൗജന്യ ഹിയറിംഗ് ഉപകരണ വിതരണം എന്നിവ ഉൾപ്പെടുന്നു.

കൂടാതെ, രണ്ട് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികളിൽ മൊബൈൽ ഫോൺ ദുരുപയോഗം മൂലമുണ്ടാകുന്ന വികസന വൈകല്യങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള പരിശോധനയും ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ടൈറ്റസ് തോമസ്, കെ. ശ്രീനിവാസ് ഷേണായി, കെ. ഗോപി, നവീൻ കുമാർ എച്ച്. വി., വി. വേണുഗോപാൽ, പി. വി. രാജേഷ്, മധുസൂദനൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow