കാൻസർ രോഗികൾക്കു വേണ്ടി മുടി മുറിച്ചു നൽകി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും, മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കേശദാനം സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം, അധ്യാപികമാരായ ആർ മഞ്ജു, എസ് സനിത, സുബിതാശ്വതി, വിദ്യാർത്ഥികളായ കൃഷ്ണനന്ദ പി വി, ദേവനന്ദ പി വി, റംലത്ത് ടി, വിസ്മയ എം എസ്, അനാമിക ബാലകൃഷ്ണൻ, ചിന്മയ ബാബുരാജ് തുടങ്ങിയവരും തലമുടി മുറിച്ച് മറ്റു വിദ്യാർത്ഥികൾക്ക് പ്രചോദനമായി. വിവിധ വനിത കൂട്ടായ്മകളിൽ നിന്നുമായി 25 പേരുടെ തലമുടികളാണ് കാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മാണത്തിനായി ശേഖരിച്ചത്. മുടി നൽകുന്നവർ ചെയ്യുന്ന നന്മയും ക്യാൻസർ രോഗികൾ അനുഭവിക്കുന്ന മാനസിക വിഷമവും നാം ഓരോരുത്തരും മനസ്സിലാക്കണമെന്ന് ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി പറഞ്ഞു. കാഞ്ഞങ്ങാട് മയൂരി ബ്യൂട്ടിപാർലർ ഉടമ അനിതാ ബാബുവിന്റെയും അജിതാപ്രകാശിന്റെയും നേതൃത്വത്തിൽ മുറിച്ച തലമുടികൾ പാക്ക് ചെയ്ത് തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അസോസിയേറ്റ് ഡയറക്ടറും പാലിയേറ്റീവ് കെയർ ചാർജുമായ ഫാദർ ജയ്സൺ മുണ്ടവൻ മണിക്ക് അയച്ചുകൊടുത്തു. പ്രിൻസിപ്പാൾ പി എസ് അരുൺ അധ്യക്ഷതവഹിച്ചു. ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മഞ്ജു, കാസർകോട് ടൗൺ ക്ലസ്റ്റർ കോഡിനേറ്റർ പി സമീർ സിദ്ധിഖി, സീനിയർ അസിസ്റ്റന്റ് സി ശാരദ, പിടിഎ എക്സിക്യൂട്ടീവ് അംഗം പി വി ബാലകൃഷ്ണൻ, പിങ്ക് പോലീസ് അംഗങ്ങളായ ശ്രീദേവി, പ്രശാന്തി, അധ്യാപികരായ അർച്ചന, സി എം പ്രജീഷ്, സിന്ധു പി രാമൻ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?