കുമ്പളയിൽ അഭിഭാഷകയുടെ വീട്ടിൽ മോഷണം; നഷ്ടമായത് 31 ലക്ഷത്തിന്റെ ആഭരണങ്ങൾ
കാസർകോട്: കുമ്പള നായികാപ്പിൽ അഭിഭാഷകയുടെ വീട് കൊള്ളയടിച്ചു. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകളിൽ സൂക്ഷിച്ചിരുന്ന 29 പവൻ സ്വർണം, കാൽ ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങൾ, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത് മൊത്തം 31,67,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഞായറാഴ്ച വൈകുന്നേരം 6:30 മണിക്കും രാത്രി എട്ടുമണിക്കുമിടയിലാണ് മോഷണം നടന്നത് എന്നാണ് സംശയിക്കുന്നത്. കാസർകോട് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീട് പൂട്ടി കണിപ്പുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയതായിരുന്നു. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകൾ കത്തി നിൽക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങൾ വാരി വലിച്ചിട്ട് ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി.ചൈത്രയുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു.
What's Your Reaction?