കെഎസ്ആർടിസി ബസ്സിൽ മയക്കുമരുന്ന് കടത്ത് ഒരാൾ അറസ്റ്റിൽ
കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കഞ്ചാവും, മെത്താഫെറ്റാമിനും കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉപ്പള ബാലൻകുണ്ട വീട്ടിൽ മുഹമ്മദ് റഫീഖാ(43)ണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മംഗളരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് റഫീഖ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 20 ഗ്രാം കഞ്ചാവും, 1.79 ഗ്രാം മെത്താ ഫെറ്റാമിനും എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എ കെ നസറുദ്ദീൻ, പ്രവന്റീവ് ഓഫീസർ കെ ആർ പ്രജിത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ ബി അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അന്തർസംസ്ഥാന ബസ്സുകളിലും, കർണാടക അതിർത്തിയിൽ നിന്നുമാരംഭിക്കുന്ന സ്വകാര്യ ബസ്സുകളിലും മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഡിസംബർ മാസത്തിൽ മാത്രം ആറു മയക്കുമരുന്ന് കേസുകൾ ചെക്ക് പോസ്റ്റിൽ പിടികൂടിയതായി അധികൃതർ അറിയിച്ചു.
What's Your Reaction?