കുമ്പള ടോൾ പ്ലാസ: സമരക്കാരെ അറസ്റ്റ് ചെയ്തു; ടോൾ പിരിവ് തുടങ്ങി
കുമ്പള: ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവ് തടഞ്ഞ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ ടോൾ പിരിവ് ആരംഭിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് അഷ്റഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ അടക്കം അറുപതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടോൾ പിരിവ് സംബന്ധിച്ച് ദേശീയപാതാധികൃതരും, ആക്ഷൻ ഭാരവാഹികളും രാവിലെ ചർച്ച നടത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടതോടെയാണ് സമരക്കാർ റോഡ് തടഞ്ഞത്. തിങ്കളാഴ്ച രാവിലെ മുതൽ കുമ്പളയിൽ ടോൾ പിരിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിന് ജീവനക്കാരെയും നിയോഗിച്ചിരുന്നു. ടോൾ പിരിക്കാനുള്ള തീരുമാനം അറിഞ്ഞ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും, എംഎൽഎയും അടക്കം നൂറുകണക്കിന് പേർ സ്ഥലത്തെത്തി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ കടത്തിവിടാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാൽ വാഹനം കടത്തിവിടാനുള്ള ശ്രമം സമരക്കാർ റോഡിൽ കിടന്നു തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും, ഗതാഗതം സ്തംഭിക്കുകയുമായിരുന്നു.
What's Your Reaction?