ചിറപ്പുറത്ത് അപകടഭീഷണിയായി കൂറ്റൻ മരങ്ങൾ; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
നീലേശ്വരം: നീലേശ്വരം–മടിക്കൈ റോഡിലെ ചിറപ്പുറം പുതുക്കൈ റോഡ് ജംഗ്ഷന് സമീപത്തെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മരങ്ങൾ അപകടഭീഷണിയുയർത്തുന്നു. ദിവസേന ബസുകൾ ഉൾപ്പെടെ നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡരികിലാണ് അപകടാവസ്ഥയിലുള്ള മരങ്ങൾ നിലകൊള്ളുന്നത്. സമീപത്ത് വീടുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഉള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
കഴിഞ്ഞ വർഷം ശക്തമായ മഴയിൽ മരത്തിന്റെ വലിയ കൊമ്പുകൾ ഒടിഞ്ഞുവീണിരുന്നു. സംഭവം രാത്രിയിലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് പരാതി.
അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ കൗൺസിലർ പി.വി. സുരേഷ് ബാബു വൈദ്യുതി വകുപ്പ് അധികൃതർക്കും പൊതുമരാമത്ത് വകുപ്പിനും നഗരസഭ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.
ഇനിയും നടപടി വൈകുകയാണെങ്കിൽ വലിയ അപകടത്തിന് വഴിവെക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?