നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
നീലേശ്വരം: മഴക്കാലം ശക്തമായതോടെ നീലേശ്വരം റെയിൽവെ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനും ഫുഡ് കോർപ്പറേഷൻ ഗോഡൗണിനും ഇടയിലുള്ള ഭാഗത്ത് അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടായി മാറുന്നു. ഗോഡൗണിൽ ലോഡിങ് സമയത്ത് ചിതറിവീഴുന്ന അരി മഴവെള്ളത്തിൽ ചീഞ്ഞുനാറുന്നതാണ് ദുര്‍ഗന്ധത്തിന് പ്രധാന കാരണം.
ട്രെയിനുകൾക്കായി മണിക്കൂറുകളോളം കാത്തുനിൽക്കുന്ന യാത്രക്കാരാണ് ഇതിന്റെ ദുരിതം കൂടുതലായി അനുഭവിക്കുന്നത്. പ്രത്യേകിച്ച് വൈകിയെത്തുന്ന ട്രെയിനുകൾ കാത്തിരിക്കുന്നവർക്ക് ദുർഗന്ധം സഹിക്കാനാകാതെ മൂക്ക് പൊത്തിയാണ് നിൽക്കേണ്ടിവരുന്നതെന്ന് യാത്രക്കാർ പറയുന്നു.
രണ്ടാം പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗത്ത് പാർക്കിംഗ് ഏരിയ നിർമ്മിച്ചതോടെ മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാനുള്ള വഴിയും അടഞ്ഞു. ഇതോടെ ഗോഡൗണിന്റെ പടിഞ്ഞാറ് ഭാഗത്ത് അഴുക്കുവെള്ളക്കെട്ട് കൂടുതൽ വ്യാപിക്കുകയാണ്. മഴ ശക്തമാകുന്നതനുസരിച്ച് ദുർഗന്ധവും രൂക്ഷമാവുകയാണ്.
ജില്ലയിലെ വരുമാനത്തിൽ മുൻനിരയിൽ നിൽക്കുന്ന നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നേരിടുന്ന ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നാണ് വ്യാപകമായ ആവശ്യം.
What's Your Reaction?