പുതിയ സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനവുമായി സർക്കാർ.
തിരുവനന്തപുരം: സംസ്ഥാനത്ത് താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കാൻ തീരുമാനം. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും. ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും. ജയിലുകളിൽ ഇപ്പോൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
What's Your Reaction?