പോലീസുകാരി കൊല്ലപ്പെട്ട സംഭവം; പ്രതി കുറ്റക്കാരൻ. ശിക്ഷ വെള്ളിയാഴ്ച വിധിക്കും
കണ്ണൂർ: കരിവെള്ളൂരിൽ വനിത സിവിൽ പോലീസ് ഓഫീസറായ പി ദിവ്യശ്രീ (38)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കെ. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊഴുമ്മൽ കോട്ടൂർ പെരളത്തെ രാജേഷിനെ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് കുറ്റക്കാരനായി വിധിച്ചത്. കേസിൽ ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
2024 നവംബർ 21-ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. മാങ്ങാട്ടുപറമ്പ് കെ.എ.പി. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന ദിവ്യശ്രീ, ചന്തേര പോലീസ് സ്റ്റേഷനിൽ താൽക്കാലിക ചുമതല നിർവഹിച്ചുവരികയായിരുന്നു.
സംഭവ ദിവസം വൈകിട്ട് ബൈക്കിൽ വീട്ടിലെത്തിയ പ്രതി ദിവ്യശ്രീയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം വടിവാളുകൊണ്ട് ആക്രമിച്ചതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി ഗേറ്റിന് സമീപം കുഴഞ്ഞുവീണു. തടയാൻ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
നാട്ടുകാർ ഇരുവരെയും ഉടൻ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിവ്യശ്രീയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് ബാറിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും വിവാഹമോചന കേസ് സംഭവത്തിന് തലേന്നാൾ കണ്ണൂർ കോടതിയിൽ പരിഗണിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കോടതിയിൽ അന്നേ ദിവസം ദിവ്യശ്രീ ഭർത്താവുമായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
What's Your Reaction?