പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്. ശ്രീജിത്തിന് ഡി.ജി.പി സ്ഥാനക്കയറ്റം

Jul 31, 2026 - 21:34
 0
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്. ശ്രീജിത്തിന് ഡി.ജി.പി സ്ഥാനക്കയറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും വ്യാപക സ്ഥാനമാറ്റങ്ങൾക്ക് സർക്കാർ ഉത്തരവിറക്കി. ജയിൽ മേധാവിയായ എസ്. ശ്രീജിത്തിന് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും അദ്ദേഹം നിലവിൽ വഹിക്കുന്ന ജയിൽ മേധാവി ചുമതലയിൽ തന്നെ തുടരും.

എ.ഡി.ജി.പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങൾ നേരിട്ടിരുന്ന ശ്രീജിത്തിന്, എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് ഡി.ജി.പി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൺമാൻമാരുടെ നടപടികൾ സംബന്ധിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

പോലീസ് വകുപ്പിലെ മറ്റ് സുപ്രധാന നിയമനങ്ങളിലും സർക്കാർ മാറ്റം വരുത്തി. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ ചെയർമാൻ-മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് മേധാവിയായും നിയമിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാന-ഭരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ഥാനമാറ്റങ്ങളെന്ന് സർക്കാർ വിശദീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow