മന്ത്രി സി. പി. ജോണിന്റെ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം

Aug 4, 2026 - 20:28
 0
മന്ത്രി സി. പി. ജോണിന്റെ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം

നീലേശ്വരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതിയെ ഉപയോഗിക്കുന്നവരെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ വാഗ്ദാനമെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. അധികാരത്തിലെത്തിയ ശേഷം ആ ആനുകൂല്യം ഏതാനും ഓർഡിനറി സർവീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും, പിന്നീട് പല ഓർഡിനറി സർവീസുകളും സിറ്റി ഫാസ്റ്റുകളാക്കി മാറ്റിയതിലൂടെ പദ്ധതിയുടെ വ്യാപ്തി കുറച്ചതായും നേതാക്കൾ വിമർശിച്ചു.

സർക്കാർ അനുവദിച്ച ആനുകൂല്യം ഉപയോഗിക്കുന്നത് സ്ത്രീകളുടെ അവകാശമാണെന്നും, അതിനെ ഔദാര്യമെന്ന രീതിയിൽ കാണാനാവില്ലെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. ആ ആനുകൂല്യം ഉപയോഗിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രിയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

സർക്കാർ ആശുപത്രികൾ, സർക്കാർ സ്കൂളുകൾ, പൊതുഗതാഗതം തുടങ്ങിയ പൊതുസേവനങ്ങളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ പരിഹസിക്കുന്ന സമീപനം ഒരു മന്ത്രിക്ക് യോജിച്ചതല്ലെന്നും, പൊതുസേവനങ്ങൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോടുള്ള അവഹേളനമാണ് ഇത്തരം പ്രസ്താവനകളെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

സ്ത്രീകളെ അപമാനിച്ച പരാമർശം മന്ത്രി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.വി. രതീഷ് ഉദ്ഘാടനം ചെയ്തു. പി. അഖിലേഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. കനേഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. കെ. സനുമോഹൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow