മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണ്ണമാലയും പണവും; ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

Aug 11, 2026 - 06:40
Aug 11, 2026 - 06:43
 0
മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണ്ണമാലയും പണവും; ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

കാഞ്ഞങ്ങാട്: മാലിന്യത്തിനിടയിൽ കണ്ടുകിട്ടിയ രണ്ട് പവൻ സ്വർണമാലയും മുപ്പതിനായിരത്തിലധികം രൂപയും ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. പള്ളിക്കര പഞ്ചായത്ത് 10, 11 വാർഡുകളിലെ ഹരിതകർമ സേനാംഗങ്ങളായ കമല എൻ.യും മമതയുമാണ് സത്യസന്ധതയുടെ മാതൃകയായത്.

പൊയിനാച്ചി പറമ്പിലെ കൃഷ്ണന്റെ വീട്ടിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവർക്ക് സ്വർണവും പണവും ലഭിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ പഴകിയ ഒരു ചെറിയ സഞ്ചി ശ്രദ്ധയിൽപ്പെട്ടു. സഞ്ചി തുറന്ന് പരിശോധിച്ചപ്പോഴാണ് കടലാസിൽ പൊതിഞ്ഞ പേഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും മറ്റൊരു കടലാസിൽ പൊതിഞ്ഞ നിലയിൽ പണവും കണ്ടെത്തിയത്.

കൃഷ്ണന്റെ ഭാര്യ ജാനകി അടുത്തിടെ മരിച്ചിരുന്നു. ജാനകി ഉപയോഗിച്ചിരുന്ന സഞ്ചിയിൽ ചീർപ്പ്, പൗഡർ തുടങ്ങിയ സാധനങ്ങളുണ്ടായിരുന്നു. ഇത് മാലിന്യക്കൂട്ടത്തിലേക്ക് മാറ്റിയതായിരുന്നു. സഞ്ചി പരിശോധിച്ചില്ലായിരുന്നെങ്കിൽ വിലപിടിപ്പുള്ള സ്വർണവും പണവും മാലിന്യത്തോടൊപ്പം നഷ്ടപ്പെടുമായിരുന്നു.

ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടെത്തിയ സ്വർണവും പണവും ഹരിതകർമ സേനാംഗങ്ങൾ ഉടൻ തന്നെ ഗൃഹനാഥനായ കൃഷ്ണന് കൈമാറി. ഹരിതകർമ സേനാംഗങ്ങളുടെ സത്യസന്ധതയ്ക്കും മനുഷ്യത്വത്തിനും കൃഷ്ണനും കുടുംബവും നന്ദി അറിയിച്ചു.

മാലിന്യശേഖരണത്തിനപ്പുറം സമൂഹത്തോടുള്ള ഉത്തരവാദിത്വവും കാത്തുസൂക്ഷിച്ച ഹരിതകർമ സേനാംഗങ്ങളുടെ നടപടി നാട്ടിലും ശ്രദ്ധേയമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow