മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ചവര്‍ക്ക് അമ്പലത്തറ പൊലീസിന്റെ ആദരം

Jun 12, 2026 - 15:53
 0
മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ചവര്‍ക്ക് അമ്പലത്തറ പൊലീസിന്റെ ആദരം

അമ്പലത്തറ: അമ്പലത്തറ ടൗണിലെ ക്യു-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടാന്‍ സഹായിച്ച നാട്ടുകാര്‍ക്ക് അമ്പലത്തറ പൊലീസ് സ്‌നേഹാദരം നല്‍കി. അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇവരെ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

ജൂണ്‍ 8ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അമ്പലത്തറ ടൗണിലെ ക്യു-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവത്തിനിടെ പ്രതികളില്‍ ഒരാളെ നാട്ടുകാരായ രതീഷ് (മില്‍മ ബൂത്ത്), ബാര്‍ബര്‍ തൊഴിലാളിയായ മൊയ്തീന്‍, പത്ര ഏജന്റായ പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അമ്പലത്തറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെട്ടിരുന്ന മറ്റ് രണ്ട് പ്രതികളെയും മൂന്നാം മൈല്‍ ഭാഗത്ത് നിന്ന് പിടികൂടി. എഎസ്‌ഐമാരായ കെ. ജയരാജന്‍, ബിജു കീനേരി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സതീശന്‍ പള്ളിക്കര എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

സംഭവത്തില്‍ പോലീസിനെ സഹായിച്ച നാട്ടുകാരെ ആദരിക്കുന്ന ചടങ്ങ് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ സി. ഷാജു ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. സ്റ്റേഷന്‍ റൈറ്റര്‍ എഎസ്‌ഐ മോഹനന്‍ അധ്യക്ഷത വഹിച്ചു. എഎസ്‌ഐ കെ. ജയരാജന്‍ ആശംസ നേര്‍ന്നു. ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസര്‍ ടി.വി. പ്രമോദ് സ്വാഗതവും പിആര്‍ഒ വിനോദ് കോടോത്ത് നന്ദിയും പറഞ്ഞു.

മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ചവര്‍ക്ക് ക്യു-മാര്‍ട്ടിന്റെ ഉടമ സുനില്‍ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow