സുന്നി ഐക്യം ചർച്ചകൾക്ക് സന്നദ്ധമെന്ന് സമസ്ത

Feb 14, 2026 - 17:44
 0
സുന്നി ഐക്യം ചർച്ചകൾക്ക് സന്നദ്ധമെന്ന് സമസ്ത

മലപ്പുറം: സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും ഐക്യത്തോടെ നിൽക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത നൂറാം വാർഷിക സെന്റനറി വിളംബര സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം. ബഹുസ്വര സമൂഹത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ പൊതുവായുള്ള ഐക്യവും സൗഹൃദവും കാലം ആവശ്യപ്പെടുന്ന ഒന്നാണ്. സ്വന്തം അസ്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ചേർത്തുനിൽക്കുന്നത് രാജ്യത്തിന്റെ സർവ്വതല സ്പർശിയായ വളർച്ചയ്ക്ക് കാരണമാകുമെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. രണ്ട് സമസ്തകൾക്കിടയിലെ ഐക്യ ചർച്ചകൾക്ക് നേരത്തെതന്നെ രണ്ട് മുശാവറകളും അംഗീകാരം നൽകിയിട്ടുള്ളതാണ്. പലതവണ ഇതിനായി ഒരുമിച്ചിട്ടുണ്ടെന്നും അതിന്റെ നിർമ്മാണാത്മകമായ ഫലങ്ങൾ കേരളം അനുഭവിക്കുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. വിശ്വാസപരവും കർമ്മപരവുമായ ആദർശങ്ങളിൽ ഊന്നി സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ യോജിച്ചുള്ള ഐക്യമാണ് ആഗ്രഹിക്കുന്നത് എന്നും അത്തരം ചർച്ചകൾക്ക് ഇനിയും സന്നദ്ധമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. ഐക്യത്തിനായുള്ള ഇത്തരം ശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഐക്യത്തിന് വിവാദമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. വികലമായ ആശയങ്ങൾ പ്രചരിക്കുന്ന കാലഘട്ടത്തിൽ വിശ്വാസത്തിന്റെയും ആദർശത്തിന്റെയും ബലത്തിൽ സ്നേഹത്തിന്റെ ലോകം പണിതുയർത്താൻ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow