റാസൽഖൈമ; ഓറഞ്ച് റൂട്ടുമായി പുതിയ ബസ് സർവ്വീസ്.
റാസൽഖൈമ: റാസൽഖൈമയുടെ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030 ന്റെ ഭാഗമായും, എമിറേറ്റിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് അനുസൃതമായും, റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ എ കെ ടി എ) 'ഓറഞ്ച് റൂട്ട്' എന്ന പേരിൽ ഒരു പുതിയ സിറ്റി ബസ് റൂട്ട് ആരംഭിച്ചു.
ഏറ്റവും പുതിയ റൂട്ട് അൽ നഖീൽ പ്രദേശത്തുനിന്ന് സൗത്ത് അൽ ദൈത്തിലെ മെയിൻ ബസ് സ്റ്റേഷൻ വരെയാണ്. നഗരഹൃദയത്തിലെ നിരവധി പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന 13 കിലോമീറ്ററിലധികം നീളമുള്ള ഓറഞ്ച് റൂട്ട് റാസൽ ഖൈമയിലെ ആഭ്യന്തര പൊതുഗതാഗത ശൃംഖലയുടെ ആകെ ദൈർഘ്യം 99 കിലോമീറ്ററായി ഉയർത്തുന്നു.
കൂടുതൽ പ്രാപ്യവും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുക എന്ന ആർ എ കെ ടി എ യുടെ ദൗത്യത്തിലെ ഒരു ചുവടുവയ്പ്പാണ് ഈ തുടക്കം. ഓറഞ്ച് റൂട്ട് അവതരിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ എല്ലാവർക്കും, താങ്ങാനാവുന്നതും സൗകര്യപ്രദവുമായ സേവനങ്ങളിലൂടെ പൊതുഗതാഗതത്തിന്റെ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ആർ എ കെ ടി എ ലക്ഷ്യമിടുന്നത്.
എമിറേറ്റിലുടനീളം കൂടുതൽ സംയോജിതവും, തടസ്സമില്ലാത്തതുമായ യാത്രാനുഭവം നൽകിക്കൊണ്ട്, നാല് പ്രധാന നഗര റൂട്ടുകളെയും ബന്ധിപ്പിക്കുന്ന പുതിയ റൂട്ട്, കവറേജ് വർദ്ധിപ്പിക്കുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഗുണം ചെയ്യുന്ന യാത്രാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അൽ നഖീൽ, ജുൽഫാർ ടവേഴ്‌സ്, അൽ സദഫ് റൗണ്ട്‌എബൗട്ട്, ഡ്രൈവിംഗ് സ്‌കൂൾ, പോസ്റ്റ് ഓഫീസ്, ക്ലോക്ക് റൗണ്ട്‌എബൗട്ട്, ഫ്ലമിംഗോ ബീച്ച്, അൽ ദൈത് സൗത്തിലെ മെയിൻ ബസ് സ്റ്റേഷൻ എന്നീ എട്ട് പ്രധാന സ്ഥലങ്ങളിലാണ് ബസുകൾ നിർത്തുന്നത്. രാവിലെ 6:30 മുതൽ രാത്രി 8:30 വരെ ദിവസേന 20 ട്രിപ്പുകൾ സർവീസ് നടത്തും. ഓരോ യാത്രയ്ക്കും 8 ദിർഹമാണ് നിരക്ക് കണക്കാക്കിയിട്ടുള്ളത്.
What's Your Reaction?