ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി; ശ്രദ്ധേയമായി പാരന്റിംഗ് ക്ലാസ്
ചെർക്കള: കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനത്തിൽ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും പങ്ക് കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴിലുള്ള എതിര്ത്തോട്, ബേർക്ക-ചെർക്കള, മാവിനക്കട്ട, പള്ളിപ്പുഴ അൽബിർ സ്കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. നാല് സ്കൂളുകളിൽ നിന്നായി 200-ഓളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
മൊയ്തു മൗലവി ചെർക്കളയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ അക്കാദമി ചെയർമാൻ ഡോ. ഇ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. അൽബിർ ജില്ലാ കോർഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യാതിഥിയായ വിദ്യാനഗർ എസ്.ഐ വിജയൻ മേലോത്ത്, ധാർമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് മികച്ച സമൂഹനിർമാണത്തിന്റെ അടിത്തറയെന്ന് പറഞ്ഞു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് അൽബിർ സ്റ്റേറ്റ് ട്രെയിനിംഗ് കൺവീനർ ഫൈസൽ ഹുദവി പരതക്കാട് പാരന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ ഇടപെടൽ, കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്നിവ അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ എസ്.ഐ വിജയൻ മേലോത്ത്, ജാബിർ ഹുദവി ചാനടുക്കം, ഫൈസൽ ഹുദവി പരതക്കാട് എന്നിവർക്ക് അക്കാദമിയുടെ സ്നേഹോപഹാരങ്ങൾ നൽകി. അൽബിർ ജില്ലാതല ടാലന്റ് ടെസ്റ്റിൽ മികവ് തെളിയിച്ച ബേർക്ക-ചെർക്കള അൽബിർ സ്കൂളിലെ വിദ്യാർഥിനി ആയിഷത്ത് മിന്നത്തിനെയും സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി ഗിന്നസ് റെക്കോഡ് നേടിയ മുഹമ്മദ് മിദ്ലാജിനെയും ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
അക്കാദമി കോർഡിനേറ്റർ ഹാഫിസ് സവാദ് വാഫി സ്വാഗതവും സ്കൂൾ കോർഡിനേറ്റർ ഇർഷാദ് മാസ്റ്റർ തെക്ക്പുറം നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?