സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവം 25, 26 തീയതികളിൽ; സജ്ജമായി മടിക്കൈ ബങ്കളം
നീലേശ്വരം: സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ കലോത്സവത്തിന് മടിക്കൈ ബങ്കളം സജ്ജമായി. ഈ മാസം 25, 26 തീയതികളിലായി നടക്കുന്ന കലോത്സവത്തിൽ സംസ്ഥാനത്തെ 32 ഐടിഐകളിൽ നിന്നായി 41 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ മാറ്റുരക്കും.
തേജസ്വിനി, പയസ്വിനി, ഷിറിയ, ഉപ്പള എന്നീ നദികളുടെ പേരുകളിലാണ് കലോത്സവ വേദികൾ ഒരുക്കിയിരിക്കുന്നത്. വിവിധ മത്സരങ്ങളിലെ സ്കോർ അടിസ്ഥാനമാക്കി ഓവറോൾ ചാമ്പ്യൻ, റണ്ണേഴ്സ് അപ്പ്, കലാപ്രതിഭ, കലാതിലകം എന്നിവരെ തിരഞ്ഞെടുക്കും.
മത്സരാർഥികൾക്കും അധ്യാപകർക്കും മത്സരദിനങ്ങളിൽ സംഘാടക സമിതി ജനകീയ പങ്കാളിത്തത്തോടെ ഭക്ഷണസൗകര്യം ഒരുക്കും. 25ന് വൈകിട്ട് 5 മണിക്ക് കാസർകോട് എംപി കെ. രാജ്മോഹൻ ഉണ്ണിത്താൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ, പൗരപ്രതിനിധികൾ എന്നിവർ ഉദ്ഘാടന-സമാപന ചടങ്ങുകളിൽ പങ്കെടുക്കും.
പരിപാടികളുടെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി നടത്തിയ വാർത്താസമ്മേളനത്തിൽ വർക്കിങ് ചെയർമാൻ വിപ്രകാശൻ, സംഘാടക സമിതി ജനറൽ കൺവീനർ പി. അഭിചന്ദ്, കൺവീനർ കെ. അനുരാഗ്, മീഡിയ കമ്മിറ്റി ചെയർമാൻ സേതു ബങ്കളം, കൺവീനർ സുരേഷ് മടിക്കൈ, അനുരാഗ് പുല്ലൂർ എന്നിവർ പങ്കെടുത്തു.
What's Your Reaction?