16 വർഷമായി ഒളിവിൽ കഴിഞ്ഞ അബ്കാരി കേസിലെ പ്രതി അറസ്റ്റിൽ
കുമ്പള: അബ്കാരി കേസിൽ 16 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ പ്രശാന്തി(44) നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2006-ൽ പാക്കറ്റ് ചാരായവുമായി കുമ്പളയിൽ വെച്ച് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 2010-ൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഏറെക്കാലം വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് ഉള്ളാളിന് സമീപമുള്ള തെക്കോട്ട് പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ പൊലീസുകാരായ ചന്ദ്രൻ, കിഷോർ, ഉദയൻ എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?