22 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

Mar 19, 2026 - 17:06
 0
22 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

കാസർകോട്: കർണാടക കെഎസ്ആർടിസി ബസ്സിൽ 22 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 20 വർഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെങ്കള ബംബ്രാണി നഗർ സ്വദേശിയായ ഷബീബ് മൻസിൽ ബി എസ് അബ്ദുൽ ഷക്കീർ (40)നെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

പ്രതിക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിലും എക്സൈസിലും സമാന കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു. കേസിൽ വിധി പറയാനിരിക്കെ അബ്ദുൽ ഷക്കീർ ഒളിവിൽ പോയിരുന്നുവെങ്കിലും, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ ബിനീഷ് കുമാറിന്റെ നേതൃത്വത്തിൽ എറണാകുളത്ത് നിന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി. കോടതിയിൽ വിധി പ്രസ്താവിച്ചു.

2020 ഫെബ്രുവരി 12ന് രാവിലെ 7 മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 22 കിലോ കഞ്ചാവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സച്ചിദാനന്ദൻ, ഇൻസ്പെക്ടർ എസ്.ബി. മുരളീധരൻ, പ്രവന്റീവ് ഓഫീസർമാരായ വി. ബാബു, കെ. ജനാർദ്ദനൻ, നിതീഷ് പൈക്കത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ വിനോദ് ബി. നായർ, ഡി. ബാലചന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പീഡർമാരായ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow