ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജിസിസി അംബാസഡർമാരുടെ യോഗം ന്യൂഡൽഹിയിൽ നടന്നു.
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, ജിസിസി അംഗ രാജ്യങ്ങളുടെ പൊതുവായ താല്പര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്ന നിലപാടുകൾ ഏകോപി പ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിൽ അംഗീകാരമുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗം ന്യൂഡൽഹിയിലെ കുവൈറ്റ് എംബസിയിൽ നടന്നു. ജിസിസി കൗൺസിൽ ഓഫ് അംബാസഡേഴ്സിന്റെ അദ്ധ്യക്ഷനായ ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ മെഷാൽ അൽഷമാലിയുടെ ക്ഷണപ്രകാരമാണ് യോഗം വിളിച്ചത്. ചർച്ചകൾക്ക് ശേഷമുള്ള തന്റെ പ്രസ്താവനയിൽ, ഗൾഫ് രാജ്യങ്ങളുടെ ഭാവി അഭിലാഷങ്ങൾക്ക് അനുസൃതമായി ജിസിസി-ഇന്ത്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും, സഹകരണം വിശാലമാക്കുന്നതിനും തുടർച്ചയായ കൂടിയാലോചനകളുടെയും, കൂട്ടായ നയതന്ത്ര ശ്രമങ്ങളുടെയും പ്രാധാന്യം അംബാസഡർ അൽഷമാലി അടിവരയിട്ടു പറഞ്ഞു. ഇസ്രയേൽ നടത്തിയ സമീപകാല ആക്രമണത്തെയും, ഖത്തറിന്റെ പരമാധികാര ലംഘനത്തെയും അംബാസഡേഴ്സ് കൗൺസിൽ ശക്തമായി അപലപിച്ചു. ഖത്തർ രാഷ്ട്രത്തോട് പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, അക്രമണത്തെ നേരിടാൻ ദോഹ സ്വീകരിച്ച എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പ്രാദേശിക വികസനങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറാൻ കൂടിക്കാഴ്ച അവസരമൊരുക്കിയതായും, സെൻസിറ്റീവ് പ്രാദേശിക, അന്തർദേശീയ അന്തരീക്ഷത്തിൽ ഗൾഫ് രാജ്യങ്ങൾ ഏകീകൃത നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അംബാസഡർ എടുത്തു പറഞ്ഞു. ജിസിസിയുടെയും, അവിടുത്തെ ജനങ്ങളുടെയും സ്ഥിരത, സമൃദ്ധി, ദീർഘകാല താൽപര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ഏകോപനവും, ഏകീകൃത നിലപാടും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരസഹകരണം, നിലവിലുള്ള സംഘർഷങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പ്രാദേശിക സംഘർഷങ്ങൾ, സുരക്ഷിതവും, സുസ്ഥിരവുമായ ഊർജ്ജ വിതരണം ഉറപ്പാക്കേണ്ട പ്രാധാന്യം എന്നിവ ഉൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. വികസിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനും, പരസ്പര ആശങ്കയുള്ള കാര്യങ്ങളിൽ പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിനും, പതിവായി കൂടുതൽ കൂടിയാലോചനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അംബാസഡർമാർ സംസാരിച്ചു. ബഹ്റൈൻ അംബാസഡർ അബ്ദുറഹ്മാൻ അൽ ഖാവൂദ്, ഒമാൻ അംബാസഡർ ഇസ്സ അൽ ഷൈബാനി, ഖത്തർ അംബാസഡർ മുഹമ്മദ് അൽ ജാബിർ, സൗദി അറേബ്യൻ എംബസിയുടെ പ്രതിനിധി ഡി അഫയേഴ്സ് അഹമ്മദ് അൽ അഹ്മരി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മജീദ് അൽ നഖി ലൗയി എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ ജിസിസി പ്രതിനിധികൾക്കിടയിലുള്ള പതിവ് കൂടിയാലോചനകളുടെ ഭാഗമായി കുവൈറ്റ് അംബാസഡേഴ്സ് കൗൺസിലിന്റെ അധ്യക്ഷതയിൽ നടന്ന ജിസിസി നയതന്ത്ര സംഘത്തിന്റെ മൂന്നാമത്തെ യോഗമാണിത്.നയതന്ത്ര ഏകോപനം ശക്തിപ്പെടുത്തുക, ഇന്ത്യയുമായുള്ള പൊതുലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുക, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഗൾഫ് ഐക്യദാർഢ്യത്തിന്റെ മനോഭാവം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
What's Your Reaction?