"എല്ലാം സമയബന്ധിതം" അൽ ഐനിലെ പുതിയ ക്ലോക്ക് ടവർ പണി പൂർത്തിയായി.
അൽ ഐൻ: പൊളിച്ചു മാറ്റിയ പഴയ ക്ലോക്കു ടവറിന്നു പകരം നഗരത്തിൽ ആധുനികവും, ആഡംബരം നിറഞ്ഞതുമായ പുതിയ ക്ലോക്ക് ടവറിന്റെ പണി പൂർത്തിയായി. ഇക്കഴിഞ്ഞ ജനുവരി രണ്ടാം വാരത്തിലാണ് നഗരത്തിലെ ലാന്റ് മാർക്കായ പഴയ ക്ലോക്ക് ടവർ പൊളിച്ചു മാറ്റിയത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ചെരിഞ്ഞ ക്ലോക്കായിരുന്നു കാലപ്പഴക്കം കാരണം പൊളിച്ചു മാറ്റിയത്. ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന്റെ പേര് പിന്നീട് ടൈം സ്ക്വയർ എന്ന് പുനർനാമകരണം ചെയ്തിരുന്നു. 1970 തുകളിൽ ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിർമ്മിച്ച സമാനമായ ലാന്റുമാർക്കുകളിൽ ഒന്നായിരുന്നു അൽ ഐനിലെ പഴയ ക്ലോക്ക് ടവർ. 13 അടി വ്യാസത്തിൽ ഭൂമിയിൽ നിന്ന് 28 ഡിഗ്രി കോണിലായിരുന്നു പഴയ ക്ലോക്ക് ടവർ സജ്ജീകരിച്ചിരുന്നത്. നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് അൽ ഐൻ നഗരസഭ അൽ ഐൻ രാജ കൊട്ടാരത്തിന്നു സമീപത്തായി പുതിയ ക്ലോക്ക് ടവർ പണി കഴിപ്പിച്ചിരിക്കുന്നത്. പുതിയ രൂപ കൽപ്പനയിൽ നിലവിലുള്ള കവലയിലുടനീളം വ്യാപിച്ചു കിടക്കുന്ന 80 മീറ്റർ നീളമുള്ള വർണ്ണപ്രകാശങ്ങൾ കൊണ്ട് അലംകൃതമായ ചെരിഞ്ഞ കമാനങ്ങളാണുള്ളത്. മുകളിൽ നാലു വശങ്ങളിൽ നിന്നും വരുന്ന ഭീമാകാരമായ കമാനത്തിന്റെ ഒത്ത നടുവിലാണ് ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. ഗോളാകൃതിയിലുള്ള ഒമേഗയുടെ വെള്ള പ്രതലത്തിൽ സ്വർണ്ണം കവചം തീർത്ത ഭീമാകാര ഘടികാരം നഗരത്തിന്റെ നാലു ഭാഗങ്ങളിൽ നിന്നും വരുന്ന സഞ്ചാരികൾക്ക് വളരെ ദൂരെ നിന്നു തന്നെ സമയം മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സൗന്ദര്യ വർദ്ധക മെച്ചപ്പെടുത്തലുകൾക്കൊപ്പം ഇഷ്ടാനുസൃതമാക്കിയ നിറങ്ങളും, ദേശീയ തീമുകളും ഉപയോഗിച്ച് ഘടനകളെ ഉയർത്തിക്കാട്ടുന്നതിന്നായി എൽ ഇ ഡി ലൈറ്റിംഗ് സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാകട്ടെ രാത്രികാലങ്ങളിൽ ക്ലോക്ക് ടവറിന്റെ സൗന്ദര്യം കാഴ്ച്ചക്കാരിൽ വിസ്മയം തീർക്കും. മിനുക്കുപണികൾ പൂർത്തിയാകുന്നതോടെ പുതിയ ക്ലോക്ക് ടവർ നാടിന്ന് സമർപ്പിക്കും.
What's Your Reaction?